കൊതുകുശല്യം ഡെങ്കിപ്പനിയായും മലേറിയയായുമെല്ലാം വരുന്ന കാലമാണ്. വേനല്‍ച്ചൂടേറുമ്പോള്‍, അതുപോലെ മഴക്കാലത്തും കൊതുകു ശല്യവും കൂടും. കൊതുകിനെ കൊല്ലാന്‍ പല വഴികളും ലഭ്യമാണ്. എന്നാല്‍ ഇവയില്‍ പല കെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് ഇവ അത്ര ഗുണകരമല്ലെന്നര്‍ത്ഥം. ചില ചെടികള്‍ വീട്ടിൽ വളർത്തുന്നത് കൊതുകിനെ തുരത്താൻ സഹായിക്കും. ഇവ പരീക്ഷിച്ചു ഫലം ലഭിച്ച സസ്യങ്ങളാണ്. കാലങ്ങളായി ഉപയോഗിച്ച് വരുന്നവയുമാണിവ. ഈ ചെടികളുടെ ഒരു ഗുണം എന്നത്, കൊതുകിനു അസഹ്യം എന്നുള്ള സസ്യങ്ങളുടെ ഗന്ധം, നമുക്ക് വളരെ ഇഷ്ട്ടമുള്ളവയായിരിക്കും. ഇത്തരം ചെടികള്‍ ഏതൊക്കെയെന്നു നോക്കാം ;
‘വേപ്പ്’ ശക്തമായൊരു കൊതുക് നാശിനിയാണ്. വേപ്പ് അടങ്ങിയിട്ടുള്ള നിരവധി കൊതുക് നാശിനികളും ബാമുകളും വിപണിയില്‍ ലഭ്യമാണ്.
വെളുത്തുള്ളി വളര്‍ത്തുന്നത് കൊതുകിനെ അകറ്റും. ഇവയുടെ രൂക്ഷഗന്ധം കൊതുകിനു പിടിയ്‌ക്കില്ല.
നമ്മുടെ വീടുകളില്‍ സാധാരണ കണ്ടുവരുന്ന തുളസിയും കൊതുകിനെ കൊല്ലാന്‍ ഏറെ നല്ലതാണ്. തുളസി ചെടി തേനീച്ചകളെ ആകർഷിക്കാനും, മറ്റു ചെടികളുടെ വളർച്ചക്കും, കൊതുകുകളെ തുരത്താനും ഗുണം ചെയ്യും.
പുതിനയാണ് കൊതുകിനെ അകറ്റാന്‍ സഹായിക്കുന്ന മറ്റൊരു സസ്യം. ഇതിന്റെയും മണം തന്നെയാണ് കൊതുകിനെ അകറ്റുന്നത്.
ലെമണ്‍ ഗ്രാസ് അഥവാ തെരുവപ്പുല്ല്. ലെമണ്‍ ഗ്രാസ് കൊതുകിനെ അകറ്റാന്‍ കഴിയുന്ന മറ്റൊരു സസ്യമാണ്. തെരുവപ്പുല്ലിൽ നിന്നും വാറ്റിയെടുക്കുന്ന സുഗന്ധമുള്ള എണ്ണയാണ് പുൽത്തൈലം. കീടനാശിനിയായും പുൽത്തൈലം ഉപയോഗിച്ചുവരുന്നു. ഡെങ്കിപ്പനി ഉണ്ടാക്കുന്ന കൊതുകുകളെ നശിപ്പിക്കാന്‍ തെരുവപ്പുല്ല് നല്ലതാണ്.
റോസ്‌മേരിയാണ് മറ്റൊരു സസ്യം. ഇതും കൊതുകിനെ അകറ്റാന്‍ നല്ലതാണ്. പൂന്തോട്ടങ്ങളിൽ നല്ല സൂര്യപ്രകാശവും, ഇളം കാറ്റും ഉള്ളയൊരു മൂല മതി റോസ്‌മേരിച്ചെടി നന്നായി വളരാൻ. റോസ്‌മേരിയുടെ കുറച്ച് ഇല പറിച്ച് കൈകളിലും, കാലുകളിലും ഉരച്ച് തേക്കുന്നത്, കൊതുക് കടിയിൽ നിന്ന് കൈകാലുകളെ സംരക്ഷിക്കാൻ സഹായിക്കും.
ലാവെന്‍ഡര്‍ കൊതുകിനെ അകറ്റാന്‍ സഹായിക്കും. ഇതും വീടുകളില്‍ സാധാരണ വളര്‍ത്താവുന്ന ഒന്നാണ്. വളരെ മനോഹരമായ ഈ പുഷ്പത്തിൻറെ സുഗന്ധം, നലൊരു കൊതുക് നിയന്ത്രണശക്തി കൂടിയാണ്.
ലെമണ്‍ ബാം മണമുള്ളതു കൊണ്ടുതന്നെ കൊതുകിനെ അകറ്റാന്‍ നല്ലതാണ്. ലെമൺ ബാമിൽ അടങ്ങിയിട്ടുള്ള ‘ സിട്രോനെലൽ ‘ എന്ന മിശ്രിതം, ‘ സിട്രോനെല്ല ‘ എന്ന കൊതുക് പ്രതിരോധനത്തിന്റെ അതെ ഫലമാണ് നൽക്കുന്നത്. ലെമൺ ബാമിലുള്ള, ലെമനിന്റെ പരിമളമാണ്, കൊതുകിന് അനിഷ്ട്ടം. ഈ ചെടിയുടെ മറ്റൊരു പ്രത്യേകതയെന്നുളളത്, ഇവ വളരെ പെട്ടന്ന് പടരുന്നവയാണ്. അതിനാൽ കൊതുക് ഉള്ള സ്ഥലങ്ങളിൽ, ഒരു ചട്ടിയിലാക്കി ഇവ വളർത്തുക.
ചെണ്ടുമല്ലി അഥവാ മെറിഗോള്‍ഡ് കൊതുകില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്ന മറ്റൊരു സസ്യമാണ്. ചെണ്ടുമല്ലിയുടെ മനോഹരമായ ചുകപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങൾ പൂന്തോട്ടങ്ങളെ മനോഹരമാക്കുന്നതോടൊപ്പം, സുഗന്ധവും നൽകുന്നു. എന്നാൽ ഈ പരിമളം കൊതുകുകൾക്ക് അസഹനീയമാണ്. കൊതുക് കയറുന്ന ഇടങ്ങളിൽ, ഇവ ചട്ടിയിൽ കൂടുതലായി വയ്ക്കുക.
വീടിന് ചുറ്റും ഇത്തരം സസ്യങ്ങൾ വളർത്തി നമുക്ക് കൊതുകിനെ അകറ്റാവുന്നതാണ്. അല്ലെങ്കിൽ ഒരു ചെറിയ സ്ഥലത്തായി , ചട്ടിയിൽ ഇവ വളർത്തുക. ആവശ്യാനുസരണം ചട്ടികൾ മാറ്റി വെയ്ക്കുകയുമാവാം. ഈ ഇനം ചെടികൾ മറ്റു ചെടികൾക്കിടയിൽ വച്ചാൽ കൊതുകുകളിൽ നിന്ന് നമുക്ക് സംരക്ഷണം കിട്ടും. കൊതുക് പെരുകുന്നതിനെ തടഞ്ഞും (വെള്ളം കെട്ടിനിൽകുന്നത്), മുകളിൽ പറഞ്ഞ ചെടികൾ വളർത്തിയും, നമുക്ക് കൊതുകിൽനിന്ന് രക്ഷ നേടാം.