മലയാളികളുടെ പ്രിയപ്പെട്ട പച്ചക്കറിയാണ് കോവയ്ക്ക. ഏത് പ്രായക്കാരുംകഴിക്കാൻ ഇഷ്ടപ്പെടുന്ന വിഭവമാണ് കോവയ്ക്ക കൊണ്ടുളള ഉപ്പേരി അഥവാ തോരൻ ,മെഴുക്കുപുരട്ടിയുമൊക്കെ. കൊക്ക ഗ്രാൻഡിസ് എന്നാണ് ഇതിൻറെ ശാസ്ത്രീയനാമം . ഇംഗ്ലീഷിൽ Ivygourd എന്നുമാണ് അറിയപ്പെടുന്നത് .വളരെ ചുരുങ്ങിയ അധ്വാനത്തിൽ ഗാർഹിക കൃഷിയിൽ ഉൾപ്പെടുത്തി ,മികച്ച വിളവ് സ്വന്തമാക്കാവുന്ന വിള കൂടിയാണ് കോവൽ. വർഷം മുഴുവൻ കായ് ഫലം തരുന്നുവെന്നതും ഇതിൻറെ മറ്റൊരു പ്രത്യേകതയാണ് . വീട്ടിലെ ടെറസുകളിലും വളർത്താൻ അനുവയോജ്യമായതിനാൽ ,നഗരവാസികൾക്കും കോവൽ കൃഷി ചെയ്യാൻ എളുപ്പമാണെന്ന് പറയാം. മികച്ചതും രോഗപ്രതിരോധ ശേഷിയുള്ളതുമായ വിളവ് ലഭിക്കുന്നതിന് കോവൽ കൃഷിയിൽ ചെയ്യേണ്ട നുറുങ്ങു വിദ്യകളാണ് താഴെ പരിചയപ്പെടുത്തുന്നത് .
1 . കഞ്ഞിവെള്ളവും ചാരവും കോവലിനും ചാരം പ്രയോജനപ്പെടുന്നു . കഞ്ഞിവെള്ളവും ചാരവും കൂട്ടിച്ചേർത്ത മിശ്രിതലായനിയാണ് ഇതിനു ഉപയോഗിക്കുന്നത് .തടം ചെറുതായി ഇളക്കി കൊടുത്ത ശേഷം ഈ ലായനി കോവലിന്റെ തടത്തിൽ ഒഴിച്ചുക്കൊടുക്കുക ,ഇത് വിള എളുപ്പം കായ്ക്കാൻ സഹായിക്കുന്നു.
2 . തലപ്പ് നുള്ളികളയുക മറ്റ് മിക്ക വിളകളും കായ്ക്കാതെ നിൽക്കുമ്പോൾ ചെയ്യുന്ന മാർഗം കോവലിനും പരീക്ഷിക്കാവുന്നതാണ്. കോവലിന്റെ തലപ്പുകൾ ഇടയ്ക്ക് നുള്ളിക്കളയുക. ഇത് പുതിയ തളിരുകൾ വരുന്നതിനും കോവൽ പൂത്ത് കായ്ക്കുന്നതിനും സഹായിക്കുന്നു.
3 .മീൻ കഴുകുന്ന വെള്ളം മീൻ കഴുകിയ വെള്ളം കോവലിന്റെ ചുവട്ടിലൊഴിക്കാം. കോവലിൽ പ്രയോഗിക്കാവുന്ന മികച്ച വളപ്രയോഗമാണിത്.കൂടാതെ , ഫിഷ് അമിനോ നേർപ്പിച്ച് തടത്തിലൊഴിച്ച് കൊടുക്കുന്നതിലൂടെ കായ്ക്കാൻ വൈകുന്ന കോവലിന് ഉപയോഗപ്രദമായിരിക്കും .
4 .സൂര്യപ്രകാശം കോവലിന് ആവശ്യമായ സൂര്യപ്രകാശമുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇതിനായി കോവൽ നടുമ്പോൾ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തന്നെ തെരഞ്ഞെടുക്കണം.
5 . ഫോസ്ഫറസും സൂക്ഷ്മ മൂലകങ്ങളും കോവലിനു ഫോസ്ഫറസ് വളമായ എല്ലുപൊടി നൽകുന്നത് നല്ലതാണ് . കോവൽ നടുന്ന സമയത്തും, തടത്തിലും എല്ലുപൊടി ചേർത്തു കൊടുക്കാവുന്നതാണ്. കൃത്യസമയത്ത് പൂവിട്ട് കായ്ക്കുന്നതിന് സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ വളങ്ങൾ നൽകണം. ഇടയ്ക്കിടെ കോവലിന്റെ തടം ഇളക്കി കൊടുക്കുന്നതും വളം വിതറുന്നതും, വിള കായ്ക്കാൻ സഹായിക്കുന്നു. അതുപോലെ കോവലിന് ശരിയായ സമയത്ത് തന്നെ വളപ്രയോഗം നടത്തണം. കോവൽ കായ്ച്ചു കഴിഞ്ഞാലും വളപ്രയോഗം ആവശ്യമാണ്. മൂന്നു മാസത്തിൽ ഒരിക്കൽ തടത്തിൽ നീറ്റുകക്ക പൊടിച്ച് വിതറാം.
6 .കീടങ്ങളെ പ്രതിരോധിക്കാം തണ്ട് തുരപ്പൻ, കായ് തുരപ്പൻ, പോലുളള കീടങ്ങളാണ് കോവലിനെ ആക്രമിക്കുന്ന പ്രധാന കീടങ്ങൾ. ബിവേറിയ ബസിയാന എന്ന മിത്ര കുമിൾനാശിനിയാണ് ഈ കീടങ്ങൾക്കെതിരെയുള്ള ഫലപ്രദമായ ഉപായം. ചെടിയുടെ തണ്ടിലും ഇലകളിലും ഇത് തളിയ്ക്കാവുന്നതാണ്.