അടുക്കളകളിലെ സ്ഥിര സാന്നിധ്യമാണ് മല്ലിയില പല തരം കറികള്ക്കും അത്യാവശ്യമായ ഒരു ഇല ആണ് മല്ലിഇല.വളരെ കുറച്ചു ആളുകള്‍ മാത്രമേ ഇതുവളരത്തുന്നുള്ളു. നമ്മുടെ കാലാവസ്ഥയില്‍ ഇതുവര്ഷം മുഴുവന്‍ വളർത്താന്‍ പറ്റിയതാണ്. ഇതിൽ ഉപയോഗിക്കുന്ന കീടനാശിനിയെ കുറിച്ച് ചിന്തിച്ചാൽ നമുക്ക് ഇത് കറികളിൽ ഉപയോഗിക്കാൻ പേടിയാണ്. മാര്‍ക്കറ്റില്‍ കിട്ടുന്ന ഇല പല തരം രാസ-വിഷ പ്രയോഗം കഴിഞ്ഞതാണ്. ഇത് എങ്ങനെയാണ് വീട്ട് വളപ്പിൽ കൃഷി ചെയ്യുകയെന്ന് അറിയാത്തവരായി നിരവധി പേരുണ്ട്. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവർക്കിനി വളരെ നല്ല രീതിയിൽ തന്നെ മല്ലിയില വീട്ടിൽ കൃഷി ചെയ്യാവുന്നതെ ഉള്ളൂ.
വിത്തുമുളപ്പിക്കൾ :
സാധാരണ കടയിൽ നിന്ന് വാങ്ങുന്ന മല്ലിവിത്ത് മുളപ്പിച്ചെടുക്കാൻ പ്രയാസമാണ് അതിനായി പ്രത്യേകം തയ്യാറാക്കിയ വിത്ത് തന്നെ വാങ്ങണം. പച്ചക്കറി വിത്തുകൾ വിൽക്കുന്ന കടകളിൽ നിന്ന് മല്ലിവിത്ത് വാങ്ങാൻ കിട്ടും. 25 ഗ്രാം വിത്ത് വാങ്ങി രണ്ടു ഗ്രോ ബാഗുകളിലായി നട്ട് പിടിപ്പിച്ചാൽ ആറു മാസത്തേക്കുള്ള ഉപയോഗത്തിനുള്ളതാകും.മല്ലിവിത്ത് വാങ്ങിയതിന് ശേഷം വൃത്തിയുള്ള ഒരു പേപ്പറിൽ വെച്ച് പതുക്കെയുടച്ച് രണ്ടായി പിളർത്തിയെടുക്കുക. തേങ്ങ വെള്ളത്തിൽ ഒരുദിവസം കുതിർത്തതിന് ശേഷം നനഞ്ഞ തുണിയിൽ കെട്ടി വെയ്ക്കുക.
വിത്ത് ചീഞ്ഞ് പോവാതിരിക്കാൻ കെട്ടിവെച്ച കിഴിയിൽ വായു സഞ്ചാരം ഉറപ്പാക്കണം. തുണി ഉണങ്ങിപ്പോവാത്ത രീതിയിൽ ഇടയ്ക്കിടെ നനച്ചുകൊടുക്കണം. 8-10 ദിവസത്തോളം ഇങ്ങനെ കെട്ടിവെച്ചിരിക്കുന്നത് നനച്ച് കൊടുക്കണം. നെടുകെ പിളർക്കാത്ത വിത്തിൽ നിന്ന് രണ്ട് മുളകൾ പൊട്ടും. അങ്ങനെ വിത്ത് മുളപൊട്ടുന്ന സമയത്ത് നന്നായി വെയിലത്ത് ഉണക്കിയ പോട്ടിംഗ് മിശ്രിതം നിറച്ച് ഗ്രോബാഗിലേക്ക് വിത്ത് പാകണം.വിത്ത് പകുമ്പോൾ ഓരോ പിടി പിടി യായിട്ട് കൂട്ടമായി പാകേണം ചിതറി യിടാൻ പാടില്ല. കൂട്ടമായി വളരുമ്പോയെ തണ്ടുകൾക്ക് ബലം കിട്ടൂ.
മാറ്റി നട്ടാൽ വളരാൻ ബുദ്ധിമുട്ടാണ് അത് കൊണ്ട് വളരേണ്ട സ്ഥലത്ത് തന്നെ നേരിട്ടാണ് സാധാരണ വിത്ത് നടുന്നത്.നട്ടുച്ചയ്ക്ക് നേരിട്ടുള്ള സൂര്യപ്രാകാശം വീഴുന്ന സ്ഥലം ഒഴിവാക്കുക. മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. അപ്പോള്‍ രാവിലെയും വൈകുന്നേരവും മാത്രം വെയില്‍ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും നല്ലത്.
ചകിരി ചോറ്, മണ്ണ് എന്നിവ തുല്യ അളവിൽ ചേർത്ത് ഗ്രോബാഗിൽ നിറയ്ക്കണം. മേൽ ഭാഗത്തെ മണ്ണ് നല്ല പൊടിയാക്കിയിടണം.
വളപ്രയോഗം:
വെള്ളത്തില്‍ അലിയുന്ന നൈട്രജെന്‍ വളങ്ങളാണ് നല്ലത്. വളം ഒരിക്കലും അധികമാകരുത്, അധികമായാല്‍ ഇലയുടെ മണം കുറയും. നേര്പ്പിച്ച ചാണക വെള്ളം മാത്രം ഒഴിച്ചാലും മതി. ഏറ്റവും നല്ലത് ഫിഷ് അമിനോ ആസിഡ് ആണ് മല്ലി അധികം നനച്ചു കൊടുക്കാൻ പാടില്ല ചിഞ്ഞു പോകും. മല്ലിനനക്കുമ്പോൾ ഒരുമിച്ച് കൂട്ടുപിടിച്ച് മണ്ണിൽ മാത്രമെ നനക്കവു ചെടി നനഞ്ഞാൽ ചീഞ്ഞു പോകും. ഇലയുടെ തീക്ഷ്ണമായ മണം കാരണം കീട ശല്യം ഇതിനു കുറവാണ്. എങ്കിലും ഈര്പ്പം അധികം ആയാല്‍ കുമിള്‍ ബാധ വരും. വെളുത്ത പൊടി പോലെ ഇലകളില്‍ നിറയും. കുമിള്‍ ബാധ വരാതിരിക്കാന്‍ നല്ല വായു സഞ്ചാരം ഉണ്ടായിരിക്കണം. ബാധ വന്ന ഇലകള്‍ അപ്പപ്പോള്‍ നുള്ളി കളയുക.
വിളവെടുക്കുബോൾ ഇലകൾ കട്ട് ചെയ്തു എടുക്കണം, കടകളിൽ നിന്നും കിട്ടുന്നപോലെ ചെടി പറിച്ച് എടുക്കരുത്, ഇങ്ങനെ ചെയ്താൽ അറു മാസം വരെ വിളവെടുക്കാം.
മൂന്നില്‍ രണ്ടു ഭാഗം ഇലകളില്‍ കൂടുതല്‍ ഒരേ സമയം നുള്ളരുത്, അത് ചെടിയ്ക്ക് ക്ഷീണമാകും. ഒരിയ്ക്കല്‍ ഇല നുള്ളിയാല്‍ ചെടി വീണ്ടും കിളിര്ക്കാന്‍ തുടങ്ങും. രണ്ടു മൂന്നു ആഴ്ച കൂടുമ്പോള്‍ ഇങ്ങനെ ഇല നുള്ളാം. പിന്നീട് ചെടി പൂവിടാന്‍ തുടങ്ങും. അപ്പോള്‍ പുതിയ ഇലകള്‍ വരുന്നത് നില്ക്കും . തുടര്ന്നും ഇല വേണമെങ്കില്‍ ഉണ്ടാകുന്ന പൂക്കളെ അപ്പപ്പോള്‍ കളയണം. നമുക്ക് ഇല വേണോ അതോ അതിനെ പൂവിടാന്‍ വിടണോ എന്ന് തീരുമാനിക്കുക.