പശുവളർത്തലിന്‍റെ വള്ളിക്കുന്ന് മാതൃക

ഒരടി സ്ഥലത്തിന് വേണ്ടി ബന്ധുക്കൾ പരസ്പരം പോരടിക്കുന്ന കാലത്താണ് മൂന്ന് ഏക്കർ സ്ഥലം ഉപാധികളില്ലാതെ ഒരാൾക്ക് ഡയറി ഫാം നടത്താന്‍  വിട്ട് കൊടുക്കുക അത് മറ്റൊരു മതത്തിൽ പെട്ടെ വ്യക്തിക്കാണെന്ന് കൂടി അറിയുമ്പോള്‍ ഉണ്ടായ കൗതുകം അന്വേഷിച്ചാണ് ഫാമിന്‍റെ വിശേഷങ്ങളറിയാൻ ഞാനും സുഹൃത്ത് ജിജോയും വള്ളിക്കുന്ന് പഞ്ചായത്തിലെ ആറാം വാർഡിലെ മുണ്ടിയൻ കാവിലെ റഷീദിന്‍റെ ഫാമിലെത്തിയത്. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ഫാമിൽ റഷീദും അദ്ദേഹത്തിന്‍റെ ജേഷ്ഠ സഹോദരനും കൂടെ രണ്ട് ജോലിക്കാരുമുണ്ട്. സാധാരണ മൃഗങ്ങളുമായി അടുത്തിടപഴകുന്നവർക്ക് ആ മൃഗങ്ങളുടെ സ്വഭാവ സവിശേഷതകളുണ്ടാവുമെന്ന പഴകിപ്പൂത്ത പഴഞ്ചൊല്ലിനെ ഒറ്റക്കാഴ്ചയിൽ തന്നെ അവർ തിരുത്തി വളരെ പതിഞ്ഞ സ്വരത്തില്‍ ഞങ്ങളെ സ്വാഗതം ചെയ്തു അവരുടെ സംസാരത്തിലുടനീളം ഹൃദ്യമായ സംഭാഷണ രീതി തുടർന്നു. ഫാമിലെ വിശേഷങ്ങളേക്കാളും എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിത് മൂന്നേക്കർ സ്ഥലം ഒരു ഉപാധിയും വെക്കാതെ വിട്ടു കൊടുത്ത മനുഷ്യരെക്കുറിച്ചാണ്. റഷീദിന്‍റെ ഉപ്പ കുഞ്ഞീൻ കാക്ക കാര്യസ്ഥപണി ചെയ്തിരുന്ന കുടുംബവീടാണ് മുളക്കുപറമ്പത്ത് രാജഗോപാലേട്ടന്‍റെ വീട്. പ്രദേശത്ത് അത്യാവശ്യം ഭൂമി സ്വന്തമായുള്ള പഴയ ഒരു നായർ കുടുംബമാണ് ഗോപാലേട്ടന്‍റേത്. സ്റ്റേറ്റ് ബാങ്കിൽ മനേജറായി ജോലി ചെയ്യുന്ന സമയത്ത് ബേപ്പൂരേക്ക് തമാസം മാറിയപ്പോൾ ഏക്കർ കണക്കിന് വരുന്ന സ്ഥലം നോക്കാനാളില്ലാതെയായി. ഗോപാലേട്ടന്‍റെയും പെങ്ങളുടെയും കുടുംബ ഭൂമിയിലാണ് ഇപ്പോള്‍ ഫാമായി മാറിയത്. ഗോപാലേട്ടന്‍റെ അമ്മാവനായിരുന്ന രാവുണ്ണികുട്ടിയായിരുന്നു ഈ സ്ഥലത്തിന്‍റെ നോട്ടക്കാരൻ, ഈ സ്ഥലം  എന്തെങ്കിലും കൃഷിക്ക് ഉപയോഗിക്കണം എന്ന താത്പര്യക്കാരനുമായിരുന്നു അദ്ദേഹം, അങ്ങനെയിരിക്കാണ് റഷീദ് ഫാം എന്ന ആവശ്യമുമായി ഈ സ്ഥലത്തിന്‍റെ നോട്ടക്കാരനായ ഈ അമ്മാവനെ പോയി കാണുന്നത്. ആവശ്യം അറിയിച്ചപ്പോള്‍ വലിയ താത്പര്യത്തോട് കൂടി തന്നെ ഗോപാലേട്ടനോട് കാര്യങ്ങള്‍ അവതരിപ്പിച്ചു റഷീദിനെയും കുടുംബത്തെയും നന്നായി അറിയാവുന്ന ഗോപാലേട്ടന് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നു. അങ്ങനെയാണ് ഫാം യഥാര്‍ഥ്യമായത്.

റഷീദിന്‍റെ കുടുംബം പരമ്പരാഗതമായി ഗോക്കളെ വളർത്തുന്നവരും കന്നു പൂട്ടൽ ജോലിയിലുമൊക്കെ ഏർപ്പെട്ടിരുന്നവരാണ്, അത് കൊണ്ട് തന്നെ ചെറുപ്പം തൊട്ടേ റഷീദിനെ മൃഗപരിപാലനത്തിന്‍റെ ബാലപാഠങ്ങള്‍ മനപ്പാഠമാണ്. അച്ഛനൊപ്പാം വീട്ടിൽ ചെറിയ രീതിയിൽ പശുവളർത്തലിൽ സഹായിച്ചിരുന്ന റഷീദ് ആദ്യം തിരഞ്ഞെടുത്ത ജോലി ഓട്ടോറിക്ഷ ഡ്രൈവറായിട്ടായിരുന്നു, പിന്നീടാണ് പശുവളർത്തലിൽ കമ്പം കേറി ഫാം തുടങ്ങുന്നത്. 6 വർഷം മുന്പ് തുടങ്ങിയ ഫമിൽ ഇപ്പോൾ 18 പശുക്കളും 8 കുട്ടികളുമുണ്ട് ഇതിൽ 7 പശുക്കൾ ചെനയാണ് എന്നതൊഴിച്ചാൽ തന്നെ പതിനൊന്ന് പശുക്കൾക്ക് കറവുണ്ട്. എല്ലാം വിദേശ പശുക്കളാണ് അമുൽ പശു എന്നറിയപ്പെടുന്ന ഗുജറാത്തി ഗീർ എച്ച് എഫ്, സിന്ധി, ജെയ്സി, തുടങ്ങിയവായാണ് പ്രധാനമായും ഫാമിലുള്ളത്. തമിഴ്നാട്ടിലെ കരൂരിലെ ഊരുകളിൽ നേരിട്ട് പോയാണ് പശുവിനെ ഇവർ വാങ്ങുന്നത്. ഫാമിലെ ഒരോ പശുവും ശരാശരി പത്ത് ലിറ്റർ  പാല് ഉല്പാദിപ്പിക്കുന്നുണ്ട്.  ഫാമിൽ റഷീദിനെ കൂടാതെ രണ്ട് വർഷം മുന്പ് ഗൾഫ് ഉപേക്ഷിച്ചു വന്ന ജേഷ്ഠൻ ഹംസയും എല്ലാത്തിനും കൂടെയുണ്ട്. കൂടാതെ ജോലിക്ക് മാത്രമായി രണ്ട് ബീഹാറികളുമുണ്ട്. ബീഹാറിലെ കിഷൻകഞ്ചിൽ നിന്നുള്ള ഇരുവരും  ഭാര്യയും ഭർത്താവുമാണ്. വർഷത്തിൽ ഒരു തവണ മാത്രമാണ് ഇവർ നാട്ടിലേക്ക് പോവുക, അതിനാല്‍ തന്നെ പരപാലനത്തിൽ പ്രത്യേക ഉപദേശങ്ങളോ നിർദ്ദേശങ്ങളോ ഒന്നും തന്നെ ഇവർക്ക് നൽകേണ്ടതില്ലെന്ന് റഷീദ് പറയുന്നു.

ഫാം പരിപാലനം

ഫാമിന്‍റെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ വൃത്തിയാണ് പുറത്ത് നിന്ന് വരുന്ന ഒരാൾക്ക് പോലും മടുപ്പിക്കുന്ന തരത്തിലുള്ള യാതൊരു ഗന്ധവും ഇവിടെയില്ലാത്ത വിധമാണ് ഫാം നിത്യവും പരിപാലിച്ചു പോരുന്നത്. കോൺഗ്രീറ്റ് തറക്ക് മുകളിൽ റബ്ബർ ഷീറ്റ് ഇട്ടാണ് നിലമൊരുക്കൊയിരിക്കുന്നത് തന്നെ, ചാണകം അടക്കമുള്ളവ വളരെ വൃത്തിയോടെ ശുചീകരിക്കാൻ ഈ രീതി സഹായിക്കുന്നു. മാത്രവുമല്ല ഫാമിലേക്ക് ഇരുവശത്ത് നിന്നും കാറ്റും വെളിച്ചവും കടക്കുന്ന രീതീയിലാണ് ചുവരുകൾ പണിതിരിക്കുന്നത്. ട്രഫോഡ് ഷീറ്റ് ഉപയോഗിച്ച് നിർമിച്ച മേൽക്കൂരയിൽ നിന്ന് ചൂട് കുറക്കാൻ ഷീറ്റിന് താഴെ ഓലമെടഞ്ഞത് പാകിയിട്ടുമുണ്ട്. ഓട്ടോമാറ്റിക്ക് സംവിധാനത്തിൽ പ്രവര്‍ത്തിക്കുന്ന കുടിവെള്ള സംവിധാനമാണ് മറ്റൊരു പ്രത്യേകത. കുടിക്കും തൊറും വെളളം വന്ന് നിറയുന്ന പാത്രക്കുഴിയിൽ ശുദ്ധജലമാണുള്ളത്. രാത്രി വെളിച്ചത്തിന് എൽ.ഇഡി ബൾബും ഫാമിൽ സംവിധാനിച്ചിട്ടുണ്ട്.

പുലർച്ചെ രണ്ടരക്ക് എണീറ്റ് മൂന്ന് മണിക്ക് തന്നെ റഷീദും ജേഷ്ഠനും ഫാമിലെത്തും 5 മണി ആവുന്പോഴേക്കും എല്ലാ പണിയും  കഴിഞ്ഞു കറവ് വരെ തീർക്കും 6 മണി ആവുമ്പേഴേക്കും പാല് വില്പനയും കഴിയും തുടർന്ന് പശുക്കളെ പറമ്പിൽ മേയാൻ വിടും 10 മണിക്ക് വെയിൽ ചൂടാവുന്നതിന് മുന്നേ തന്നെ ഫാമിലേക്ക് തന്നെ തിരിച്ചു കെട്ടും, ഇതാണ് റഷീദിന്‍റെ ക്രമം. പുലർച്ചെ കിട്ടുന്ന പാല് കൂടുതലും കൊടുക്കുന്നത് ഒലിപ്രംകടവ് ക്ഷീര വികസന സംഘത്തിനാണ്. ഉച്ചക്ക് കറക്കുന്ന പാല് അധികവും പ്രദേശികമായി വീടുകളിലും വില്പന നടത്തുന്നു.

ഭക്ഷണരീതി

കാലിതീറ്റയും ശുദ്ധജലവും വൈക്കോലും പച്ചപുല്ലുമാണ് പ്രധാന ഭക്ഷണം, ഇത് സമയക്രമം അനുസരിച്ച് ചിട്ടപ്പെടുത്തുന്നതാണ് പശുക്കളുടെ ആരോഗ്യ രഹസ്യമെന്ന് റഷീദ് പറയുന്നു. പുല്ല് വർഗത്തിൽ തന്നെ പ്രധാനമായും നൽകുന്നത് തമിഴ്നാട് കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത  C03 പുല്ലുകളാണ്. ഈ പുല്ല് ഇപ്പോള്‍ ഫാമിനോട് ചേർന്ന് ഭൂമിയിൽ തന്നെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഇവർക്ക് പുല്ല് പുറമേ നിന്ന് കൊണ്ടു വരേണ്ട ആവശ്യവും വരുന്നില്ല.

വിപണനം

ഫാമിൽ നിന്നുള്ള പ്രധാന വരുമാന മാർഗ്ഗം പാല് തന്നെയാണ് ദിവസേന 100 ലിറ്ററിലധികം പാല് ഫാമിൽ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്നു. എച്ച് എഫ് ഇനത്തിൽ പെട്ടവയാണ് കൂടുതൽ പാലുല്പാദിപ്പിക്കുന്നത്. കൂടാതെ പച്ച ചാണകവും ഉണക്ക ചാണകവും വിറ്റു കിട്ടുന്നത് വേറെയും ചാണകത്തിൽ ഏറ്റവും ഡിമാന്‍റ് ഉണക്കിപൊടിച്ച ചാണകത്തിനാണ് ചാണകം കൊട്ടക്ക് 50 രൂപം കിട്ടുന്പോള്‍ ഉണക്കിപൊടിച്ചത് കിലോക്ക് 19 രൂപ വരെ കിട്ടും. ഇതേ ചാണകം ബ്രാൻഡ് ചെയ്ത് വിൽപന നടത്തിയാല്‍ 60 രൂപക്ക് വരെ വിൽകാമെന്ന് റഷീദ് പറയുന്നു. അത് കൊണ്ട് തന്നെ ചാണക പൊടി ബ്രാൻഡ് ചെയ്ത് വിൽക്കാനുള്ള പദ്ധതിയും ഇവർ ആസൂത്രണം ചെയ്ത് വരികയാണ്.

രോഗങ്ങളും ചികിത്സാ രീതിയും

പശുക്കളിൽ പ്രധാനപ്പെട്ട വെല്ലുവിളി അവരുടെ ആരോഗ്യം നിലനിർത്തുക എന്നതാണ്. വിദേശ പശുക്കളായതിനാൽ തന്നെ കേരളത്തിലെ കാലവാസ്ഥയുമായി പൊരുത്തപ്പെട്ടു കൊണ്ടുപോകുക എന്നത് വലിയ വെല്ലുവിളിയാണ് അതിനാല്‍ തന്നെ സൂക്ഷമപരിപാലനം ആവശ്യമാണ്. പശുവിന്‍റെ ചെറിയ ക്ഷീണം വരെ പശുവിനെ വളർത്തുന്നവർക്ക് കണ്ടെത്താന്‍ കഴിയണം എന്നാല്‍ മാത്രമേ ഇത് പശുവളർത്തൽ വാണിജ്യാടിസ്ഥാനത്തിൽ വിജയിക്കൂ. സാധാരണയായി കേരളത്തിലെ പശുക്കള്‍ക്കിടയില്‍ അടുത്ത കാലത്തായി വ്യാപകമായ സാംക്രമിക രക്താണുരോഗമാണ് തൈലേറിയ. പശുക്കളുടെ ശരീരം ക്ഷയിക്കുന്നതിനും, ഉൽപാദനമികവും പ്രത്യുൽപാദനക്ഷമതയും പ്രതിരോധശേഷിയുമെല്ലാം കുറയുന്ന അവസ്ഥയുണ്ടാക്കുന്നു. ചികിത്സക്ക് വേണ്ടി കുത്തിവെക്കുന്ന മരുന്നിന് 1500 രൂപയോളം വിലവരുന്നുണ്ട്. അതുപോലെ ഇപ്പോള്‍ പുതുതായി ചർമമഴ എന്ന രോഗവും വരുന്നുണ്ടത്രേ മറ്റു രോഗങ്ങളെ പെട്ടെന്ന് കണ്ടെത്തി ചികിത്സിച്ചാൽ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലത്രേ. ചെറിയ പ്രസവങ്ങൾ എടുക്കാനും ഇവർ പരിശീലിച്ചിട്ടുണ്ട് സിസേറിയൻ അടക്കമുള്ള അവസരങ്ങളിലാണ് ഡോക്ടർമാരെ ആശ്രയിക്കേണ്ടി വന്നിട്ടുള്ളത് വെറ്റിനറി സർജനെ കൊണ്ടുവന്നു ഫാമിൽ വെച്ച് തന്നെ സർജറി നടത്തിയ അനുഭവവും റഷീദ് പങ്കുവെച്ചു.

അനുബന്ധ കൃഷികൾ

3 ഏക്കർ വരുന്ന സ്ഥലത്ത് ഫാം ഒഴിച്ചുള്ള ഭൂരിഭാഗം സ്ഥലത്തും തെങ്ങാണുള്ളത് ഇതിനിടയിൽ വരുന്ന സ്ഥലത്ത് വാഴ, മുളക്, ചീര, കോളിഫ്ലവർ, വഴുതന, മഞ്ഞള്‍, കപ്പ, തുടങ്ങിയ പഴം പച്ചക്കറി കിഴങ്ങ്  വർഗങ്ങളിൽ പെട്ട പലതും കൃഷി ചെയ്ത് വരുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോള്‍ കരിമ്പും വെച്ച് പിടിപ്പിച്ചിട്ടുണ്ട്. ഇതിലേക്കെല്ലാം വേണ്ടതായ വളം വെള്ളവും ഈ പറമ്പിലെ കിണറുകളിൽ നിന്ന് തന്നെതാണ് മൂന്നേക്കറിൽ രണ്ട് കിണറാണുള്ളത്. കൃഷി വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ചതല്ലെങ്കിലുമ വലിയ വിളവ് തരുന്നവ വില്പന നടത്തുകയും ചെയ്യുന്നുണ്ട്.

സർക്കാർ സംവിധാനങ്ങളുമായുള്ള ബന്ധം

ക്ഷീരപരിപാലനം ശാസ്ത്രീയമായ രീതിയിലാണ് ഫാമിൽ നടന്നുപോരുന്നത് ഇതിനായി വിവിധ സർക്കാർ വകുപ്പുകളുമായും ഉദ്യോഗസ്ഥരുമായും റഷീദ് നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട്.  ആവശ്യാനുസരണം വെറ്റിനറി ഡോക്ടർമരെ ഫാമിൽ കൊണ്ട് വരികയും രോഗനിർണ്ണയും നടത്തുകയും ചെയ്യുന്നുണ്ട്. കൃഷി ഭവനുമായും ഇതേ തരത്തിലുള്ള ബന്ധം വെച്ച് പുലർത്തുന്നു. കൃഷി ഭവന്‍ വിതരണത്തിനായി തയ്യാറാക്കുന്ന ഗ്രോബാഗ് കൃഷിയും റഷീദിന്‍റെ ഫാമിനോട് ചേർന്ന് സ്ഥലത്താണ് നിർമിച്ചെടുക്കുന്നത് ഇതിലേക്ക് ആവശ്യമായ ചാണകവും ഇവിടെ നിന്ന്  സൌജന്യമായിട്ടാണ് നൽകുന്നത്. അത് കൊണ്ട് കൃഷി വകുപ്പിനും പ്രിയപ്പെട്ട ഒരാളാണ് റഷീദ്. ബ്ലോക്ക് ക്ഷീരോത്സവത്തിൽ സമ്മാനം നേടിയ പശുക്കളും റഷീദിന്‍റെ തൊഴുത്തിലുണ്ട്. കോഴിക്കോട് ജില്ലയിലെ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തിലെ പരിശീലന പരിപാടികളിലും റഷീദും ഹംസയും പങ്കെടുക്കാറുണ്ട്. ഭാവിയില്‍ പാലുല്പനങ്ങൾ നിർമിക്കാനുള്ള ശ്രമങ്ങളും ആലോചനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *