പ്രകൃതിയിൽ ഉരുത്തിരിഞ്ഞ മനുഷ്യർക്ക് അധികനാൾ പ്രകൃതിയിൽ നിന്ന് അകന്ന് നിൽക്കാൻ സാധിക്കുമോ. മരങ്ങളും, മൃഗങ്ങളും, ചെടികളും എല്ലാം അടങ്ങിയതാണല്ലോ മനുഷ്യന്റെ സ്വത്വം. സുഖസൗകര്യങ്ങൾക്കും സംരക്ഷണത്തിനുമായി പാർപ്പിടങ്ങൾ ഉണ്ടാക്കിയെങ്കിലും, അതിനു ജീവൻ നൽകാനായി വളർത്തുമൃഗങ്ങളെയോ, അലങ്കാരമത്സ്യങ്ങളെയോ, പക്ഷികളെയോ വളർത്താത്തവർ ചുരുക്കം തന്നെ.
ഇത്തരത്തിൽ നമ്മുടെ ഭവനങ്ങൾക്ക് ജീവനും ശുദ്ധവായുവും നൽകാൻ ഏറ്റവും മികച്ച ഒന്നു തന്നെയല്ലേ അലങ്കാരച്ചെടികൾ. കുറഞ്ഞ ചിലവിലുള്ള ഇത്തരം നേരമ്പോക്കുകൾ ഒരു ബിസിനസ് ആക്കിമാറ്റുന്നവരും ഉണ്ട്. ഇൻഡോർ ചെടികൾ വീടുകളിൽ സെറ്റ് ചെയ്തു തരികയും, ആഴ്ചകളും മാസങ്ങളും കൂടുമ്പോൾ അതിനെ പരിപാലിക്കാൻ എത്തുകയും ചെയ്യുന്ന ഏജൻസികൾ ആയി പ്രവർത്തിക്കുന്നവരും ഉണ്ട്.
ബിഗോണിയ, കലാത്തിയ, മോൺസ്റ്ററ, പോത്തോസ്, അഗ്ലോണിമ, സ്പൈഡർ പ്ലാന്റ്, സ്നേക് പ്ലാന്റ്, അരേക്കാ പാം, ഡ്രസീന, സിങ്കോണിയം,ക്രോട്ടൻ, അരേലിയ, പീസ് ലില്ലി തുടങ്ങിയ ഇനങ്ങൾ നമ്മുടെ വീടുകളിൽ എളുപ്പം വളർത്തിയെടുക്കാവുന്നതിൽ ചിലതാണ്. ഇവയെ ചെടി ചട്ടികളിൽ മാത്രമല്ല വെള്ളത്തിലും വളർത്താവുന്നതാണ്. ഭംഗിയുള്ള ചില്ലു പാത്രങ്ങളിൽ വച്ചാൽ ഇവയുടെ വേരുകൾ വളർന്നു ഭംഗിയായി നിൽക്കുന്നത് കാണാം. അക്വാട്ടിക് ചെടികളായ വാട്ടർ മൊസൈക്ക്, ഡക്ക് വീഡ് എന്നിവയും ഗപ്പി മത്സ്യങ്ങളോടൊപ്പം ഇൻഡോർ ആയിട്ട് വളർത്താവുന്നവയാണ്.
എളുപ്പത്തിൽ വളരുന്നതിനും, ഭംഗിയായി നിൽക്കുന്നതിനും ഇവയെ രണ്ടു ഘട്ടങ്ങളായി വളർത്തുകയാണ് ഏറ്റവും എളുപ്പം. പുറത്തു മണ്ണു നിറച്ച ചട്ടികളിൽ വച്ചു വളർത്തുന്നവ വെയിലിൽ നിന്നായി വളർന്നു അതിൽ പുതിയ മുളകൾ ഉണ്ടാവുന്നു. ഈ പുതുനാമ്പുകളെ വെള്ളത്തിലേക്കു വെക്കുകയാണെങ്കിൽ പെട്ടെന്നുതന്നെ വേരുകൾ വരുന്നതും കാണാം. ഇത്തരത്തിൽ കൂടുതൽ ചെടികൾ ഉണ്ടാക്കിയെടുക്കാനാവും.
വെള്ളത്തിൽ വളർത്തേണ്ട വിധം
വെള്ളത്തിൽ വളർത്തുമ്പോൾ ചെടികൾക്ക് കുറഞ്ഞ പരിചരണമേ ആവശ്യമുള്ളൂ. നേരിട്ടുള്ള സൂര്യപ്രകാശം ഇവയ്ക്കു ആവശ്യമില്ലെങ്കിലും, നന്നായി സൂര്യപ്രകാശം ലഭിക്കുന്ന മുറികളിലാണ് ചെടികൾ വളർത്തേണ്ടത്.
കൂടുതൽ കാലം വെള്ളത്തിൽ വളർത്താൻ താല്പര്യമുള്ളളവർക്കു വളങ്ങളായ എൻ.പി.കെ (Nitrogen:Phosphorus:Potassium) , സീ-വീഡ് എന്നിവ ഉപയോഗിക്കാവുന്നതാണ്. ചെടികൾ വേഗത്തിൽ പുഷ്ടിയോടെ വളർത്തിയെടുക്കാൻ ഇതു സഹായകമാവും. വളം ആഴ്ചയിൽ ഒരിക്കൽ വെള്ളത്തിൽ കലർത്തുകയും, രണ്ടാഴ്ച്ച തോറും വെള്ളം മാറ്റികൊടുക്കുകയും ചെയ്യാവുതാണ്. ചില്ലുപാത്രങ്ങളിൽ പല തരം കല്ലുകൾ വിരിച്ച്, അതിനു മുകളിലായി ചെടിക്കൾ വച്ചാൽ കാണാൻ വളരെ ഭംഗിയായിരിക്കും. വീട്ടിൽ നിന്നു മാറിനിൽക്കേണ്ട അവസരങ്ങളിൽ വെള്ളം ലഭിച്ചില്ലെങ്കിലും ഇവയ്ക്ക് വലിയ കുഴപ്പം ഉണ്ടാവുകയില്ല.
മണ്ണിൽ വളർത്തേണ്ട വിധം
ഇൻഡോർ ചെടികൾ ആയതിനാൽ രാവിലെയും വൈകിട്ടും ഇളംവെയിൽ കിട്ടുന്നിടത്തു ഈ ചെടികൾ വളർത്താം. മണ്ണിൽ ചാണകവും, കമ്പോസ്റ്റും, ചകിരിച്ചോറും എല്ലാം ആവശ്യത്തിന് ചേർത്ത് കൊടുക്കാവുന്നതാണ്. മണി പ്ലാന്റ് പോലെയുള്ള ചെടികളിൽ ഇലകൾ നല്ല വലുപ്പം വയ്ക്കുന്നതിനായി ‘എപ്സം സാൾട്ട്’ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുന്നതും ഉചിതമായിരിക്കും. മാസത്തിൽ ഒരിക്കൽ ഇങ്ങനെയെല്ലാം ചെയ്യുകയാണെങ്കിൽ അത് ചെടിയുടെ ആരോഗ്യത്തിന് മികച്ചതായിരിക്കും. വെള്ളം കൊടുക്കുമ്പോൾ മണ്ണിനു നനവ് മാറി ചെറിയ ഉണക്കം വന്നു തുടങ്ങിയിട്ടുണ്ടാവണം. മണ്ണിൽ നിന്നും വാർന്നു ഒലിക്കും വിധത്തിൽ വെള്ളം അല്പാല്പം ആയാണ് ഒഴിച്ചു കൊടുക്കേണ്ടത്.