500 ഏക്കറിൽ മാതൃകാ കൃഷിത്തോട്ടം , പദ്ധതി നടപ്പാക്കുന്നത് സഹകരണ സംഘങ്ങൾ മുഖേന !!!

നിലമ്പൂർ

സുഭിക്ഷ കേരളം പദ്ധതിയിലൂടെ സംസ്ഥാനത്ത് 500 ഏക്കറിൽ മാതൃകാ പച്ചക്കറി കൃഷിത്തോട്ടങ്ങൾ ഒരുക്കും. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി പ്രാഥമിക സഹകരണസംഘങ്ങൾ മുഖേനയാണ് തോട്ടങ്ങളുണ്ടാക്കുക . ഭക്ഷ്യ കാർഷിക മേഖലയിൽ സ്വയം പര്യാപ്തതയാണ് ലക്ഷ്യം.

എല്ലാ ജില്ലയിലും പദ്ധതി നടപ്പാക്കും. സഹകരണ സംഘങ്ങളുടെ നിലവിലെ കൃഷിക്ക് പുറമെയാണിത്. പദ്ധതി നടത്തിപ്പിന് പൊതുഫണ്ടിൽ നിന്ന് പരമാവധി 50,000 രൂപവരെ അനുവദിക്കാം .സംഘങ്ങൾക്ക് കീഴിൽ സ്വാശ്രയ ഗ്രൂപ്പുകൾ, ജോയിൻറ് ലയബിലിറ്റി എന്നിവ രൂപീകരിക്കും. സംഘം അടിസ്ഥാനത്തിൽ കാർഷികോൽപ്പന ചന്തകൾ തുടങ്ങും.

കൃഷിത്തോട്ടത്തിനായി സംഘത്തിനോ അംഗങ്ങൾക്കോ സ്വന്തം സ്ഥലമോ തരിശ് ഭൂമിയോ പാടശേഖരങ്ങളോ തെരഞ്ഞെടുക്കാം. ഉൽപ്പന്നങ്ങൾ ഗ്രാമീണ ചന്തകൾ വഴിയോ കാർഷിക വിപണന കേന്ദ്രങ്ങൾ മുഖേനയോ വിൽക്കാം. ഓരോ ജില്ലയിലും നടത്തേണ്ട കൃഷിയുടെ വ്യാപ്തിയും നിശ്ചയിച്ചു.

കൂടുതൽ കൃഷിയിടം കണ്ണൂരിൽ

കണ്ണൂർ ജില്ലയിലാണ് കൂടുതൽ കൃഷിക്ക് നിർദേശം നൽകിയത് -2 0  സംഘങ്ങളുടെ സഹകരണത്തോടെ 75 ഏക്കർ. ഇടുക്കി ജില്ലയിലാണ് കുറവ് -15  സംഘങ്ങൾ ,10 ഏക്കർ. തിരുവനന്തപുരം -40 ,കൊല്ലം -40 ,പത്തനംതിട്ട -35,  ആലപ്പുഴ -20 , കോട്ടയം -25 ,എറണാകുളം -25 ,തൃശൂർ -60 ,പാലക്കാട് -20 ,കോഴിക്കോട്-40 ,വയനാട് -20 ,കാസർകോട്-50  ഏക്കർ എന്നിങ്ങനെയാണ് നിർദേശം . മലപ്പുറത്ത് -40  ഏക്കറിലാണ് കൃഷി നടത്താൻ നിർദേശിച്ചതെങ്കിലും പദ്ധതി വിപുലമാക്കാൻ 60 ഏക്കറിൽ കൃഷിയിറക്കും. 20 സംഘങ്ങളുടെ നേതൃത്വത്തിലാണിത്. പൊന്നാനി കോൾ മേഖലയിൽ പുഞ്ചകൃഷിക്ക് മുൻഗണന കൊടുത്താണ് പദ്ധതി നടപ്പാക്കുക.

ജില്ലാ തലത്തിൽ ഡെപ്യൂട്ടി രജിസ്ട്രാറെയും താലൂക് തലത്തിൽ യൂണിറ്റ് ഇൻസ്പെക്ടർമാരെയും പദ്ധതിയുടെ നോഡൽ ഓഫീസർമാരായി നിയമിക്കും. ഫെബ്രുവരി ഒന്നുമുതൽ ഓരോ സംഘങ്ങളും എത്ര സ്ഥലത്ത്, എന്തെല്ലാം വിളകൾ കൃഷിയിറക്കി  എന്നത് റിപ്പോർട്ട് ചെയ്യണം. എത്ര മാതൃകാ കൃഷിത്തോട്ടം സജ്ജമാക്കി എന്നത് മാർച്ച് അവസാനത്തോടെയും സഹകരണസംഘം രജിസ്‌ട്രാർ ഓഫീസിൽ റിപ്പോർട്ട് നൽകണം.

Read more: https://www.deshabhimani.com/news/kerala/subhiksha-keralam/997276

Leave a Reply

Your email address will not be published. Required fields are marked *