മൂന്നാർ എന്നു പറയുമ്പോൾ നമ്മുടെയെല്ലാം മനസ്സിൽ ആദ്യം വരുന്നത് തേയില തോട്ടങ്ങൾ ആയിരിക്കും. എന്നാൽ ഈ തേയില തോട്ടങ്ങളുടെ ചരിത്രം നമ്മളിൽ പലർക്കും അറിയാനിടയില്ല. അങ്ങനെ ചരിത്രത്തിന്റെ വിസ്‌മൃതിയിൽ അകപ്പെട്ട ഒന്നാണ് മൂന്നാർ ട്രെയിൻ സർവീസ്.
ഏതാണ്ട് 100 വർഷങ്ങൾക്ക് മുന്പാണ് ഇതിന്റെ തുടക്കം. മൂന്നാറിലെ തണുപ്പിലേക്ക് അവധിക്കാലം ചിലവിടാൻ വന്ന സായിപ്പിനു മനസ്സിലായി ഇവിടുത്തെ കാലാവസ്ഥ തേയില കൃഷിക്ക് അനുയോജ്യമാണെന്ന്. അങ്ങനെ സായിപ്പ് തിരുവിതാംകൂർ മഹാരാജാവിൽ നിന്നും ആ മലനിരകൾ പാട്ടത്തിനെടുത്തു തേയില ഫാക്ടറി ആരംഭിച്ചു. തേയില തമിഴ് നാട്ടിലെ തൂത്തുക്കുടി തുറമുഖം വരെ എത്തിക്കണം എന്നാൽ മാത്രമേ അതിനെ കപ്പൽ കയറ്റി ബ്രിട്ടനിലേക്ക് അയക്കാൻ സാധിക്കു. എന്നാൽ അന്ന് നിലവിലുണ്ടായിരുന്ന സംവിധാനങ്ങൾ എല്ലാം തന്നെ അപര്യാപ്ത മായിരുന്നു.അങ്ങനെയാണ് 1902 ൽ കാളയെ പൂട്ടിയ മോണോ റെയിൽ തുടങ്ങുന്നത്. റെയിൽവേ പാലത്തിനുമേൽ ഉരുണ്ടിരുന്ന ഒരു കുഞ്ഞൻ ചക്രം, തറയിൽ ഉരുണ്ടിരുന്ന ഒരു വലിയ ചക്രം അവയെ വലിക്കാൻ കാളകൾ. ഇതായിരുന്നു തുടക്കത്തിൽ ഉപയോഗിച്ചിരുന്നത്.
തേയില ഫാക്ടറിക്ക് സമീപമുള്ള മൂന്നാർ സ്റ്റേഷനിൽ നിന്നും മോണോ റെയിൽ സഞ്ചാരം തുടങ്ങുന്ന തേയില പ്പെട്ടികൾ മാട്ടുപ്പെട്ടി, പാലാർ സ്റ്റേഷനുകൾ പിന്നിട്ട് ടോപ് സ്റ്റേഷൻ എന്നറിയപ്പെടുന്ന സ്റ്റേഷനിൽ അവസാനിക്കും. അവിടെ നിന്നും ആ പെട്ടികൾ റോപ്പ് വേ വഴി ലോ സ്റ്റേഷൻ എന്നറിയപ്പെടുന്ന കോട്ടക്കൂടി വരെ എത്തും. പിന്നീട് കാളവണ്ടികൾ വഴി ബോഡിനയ്ക്കനൂർ സ്റ്റേഷനിൽ വന്നു അവിടെ നിന്നും തീവണ്ടി വഴി തൂത്തുകുടിയിൽ എത്തിക്കും. വളരെ ശ്രമകരമായ ഒരു സംവിധാനമായിരുന്നു ഇത്. കുറച്ചു കൂടി വേഗത്തിലും കാര്യക്ഷമമായും തേയില എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ 1908-ൽ മോണോ റെയിൽ സംവിധാനത്തിന് പകരം നാരൗ ഗേജ് സംവിധാനം കൊണ്ട് വന്നു. ആവി എഞ്ചിൻ ഉപയോഗിച്ചുള്ള തീവണ്ടിയാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. ഈ തീവണ്ടി സർവീസോടുകൂടി തേയില കൊണ്ട് പോകുന്ന പ്രവർത്തി കുറച്ചു കൂടി എളുപ്പമായി.
എന്നാൽ പാളം തെറ്റലും, ആനക്കൂട്ടങ്ങളുടെ മാർഗ്ഗതടസ്സ മുണ്ടാക്കലും ഒരു പരിധി വരെ ഈ സർവീസ് ശ്രമകരമാക്കിയിരുന്നു. അതിനെയെല്ലാം മറികടന്നു സർവീസ് മുടക്കമില്ലാതെ നടന്നു.16 വർഷത്തോളം ഈ സർവീസ് നിലനിന്നു. പക്ഷെ 1924 ലെ പ്രളയം എല്ലാം തകിടം മറിച്ചു. മഴയും ഉരുൾ പൊട്ടലും മൂന്നാറിലെ റെയിൽവേ പാളങ്ങൾ തകർത്തു കളഞ്ഞു. അതിനു ശേഷം പിന്നീടൊരിക്കലും ഈ സർവീസ് പുനർ ആരംഭിക്ക പെട്ടില്ല. ഒരു നൂറ്റാണ്ടിനിപ്പുറവും, റയിൽവേ യുടെയും റോപ് വേ യുടെയും കാലം മായ്ക്കാത്ത അവശേഷിപ്പുകൾ കാണാം. പഴയ റെയിൽ വേ ട്രാക് കടന്നുപോയ വഴികൾ ഇന്ന് റോഡുകളായി മാറിയിരിക്കുന്നു. മലമുകളിലെ റെയിൽവേ സ്റ്റേഷൻ കണ്ണൻ ദേവൻ ഫാക്ടറി യുടെ ഓഫീസ് ആയി പ്രവൃത്തിക്കുന്നു. പുതിയ തലമുറയ്ക്കായി ആ പഴയ സെർവിസിന്റെ ഏതാനം ചില ശേഷിപ്പുകൾ മൂന്നാർ ടീ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഈ ട്രെയിൻ സർവീസ് ഇന്നും നിലനിന്നിരുന്നു വെങ്കിൽ മൂന്നാറിലെ ടൂറിസത്തിന് തീർച്ചയായും ഒരു മുതൽക്കൂട്ട് ആകുമായിരുന്നു. തേയിലെ തോട്ടങ്ങൾക്കിടയിലൂടെ യുള്ള ഒരു മനോഹരമായ യാത്ര, ഊട്ടിയിലെ ഉനെസ്കോ യുടെ പൈതൃക പട്ടികയിൽ ഇടം നേടിയ ട്രെയിൻ യാത്രയെക്കാളും രസകരമായേനെ. എന്നെങ്കിലുമൊരിക്കൽ ആ പഴയ ട്രെയിൻ ഗതാഗതം തിരിച്ചു വരും എന്നു നമുക്ക് പ്രത്യാശിക്കാം.