ഇന്ന് വർക്ക് ഫ്രം ഹോം എന്ന് കേൾക്കുമ്പോൾ പ്രത്യേകിച്ച് അപരിചിതമൊന്നും ആർക്കും തോന്നാനിടയില്ല. കാരണം കൊറോണ എന്ന മഹാമാരിയുടെ കാലം മുതൽ പരിചിതമാണ് ഈ വാചകം . എന്നാൽ ഇതിനൊക്കെ ഏതാനും വർഷങ്ങൾക്കു മുൻപ് വർക്ക് ഫ്രം ഹോം നടപ്പിലാക്കിയ വ്യക്തിയാണ് ശ്രീധർ വെമ്പു. നാട്ടിൻ പുറത്തു നിന്നു കൊണ്ട് സോഹോ കോർപറേഷൻ എന്ന മൾട്ടി ബില്യൺ കമ്പനിയെ നിയന്ത്രിക്കുന്നയാൾ, തനി ഗ്രാമീണൻ,കാരുണ്യ പ്രവർത്തകൻ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സവിശേഷതകളുള്ള വ്യക്തി.
തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ഒരു സാധാരണ കുടുംബത്തിൽ ജനനം. മദ്രാസ്സ് IIT യിൽ നിന്നും ഡിഗ്രി സമ്പാദിച്ച ശേഷം അമേരിക്കയിലെ പ്രശസ്തമായ പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റി യിൽ ഉപരിപഠനം. അതിനു ശേഷം ക്വാൽകം കമ്പനിയിൽ ജോലി ചെയ്തു. പിന്നീട് തന്റെ സഹോദരന്മാർക്കൊപ്പം ചേർന്ന് 1996 ൽ അഡ്വന്റ്നെറ്റ് എന്ന കമ്പനി സ്ഥാപിച്ചു. ഈ കമ്പനി 2009ൽ സോഹോ എന്നു പേര് മാറി . ചെന്നൈ ആണ് കമ്പനി യുടെ ആസ്ഥാനം. പുറത്തു നിന്നും യാതൊരു വിധ നിക്ഷേപവും സ്വീകരിക്കാതെ കമ്പനി യുടെ ലാഭത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വിധ വികസനങ്ങളും കമ്പനിയിൽ നടക്കുന്നത്.നിലവിൽ 3.75 ബില്യൺ ഡോളർ ആണ് കമ്പനിയുടെ ആസ്തി.ഫോബ്സ് പട്ടിക പ്രകാരം ഇന്ത്യയിൽ സമ്പന്നരിൽ 55-ആം സ്ഥാനമാണ് ശ്രീധർ വെമ്പു വിനു.
ഗ്രാമങ്ങളിലെ നിർധനരായ യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ യാണ് സോഹോ സ്കൂൾ ഓഫ് ലേണിംഗ് എന്ന സ്ഥാപനം ആരംഭിച്ചത്. അക്കാഡമിക്കൽ യോഗ്യത നോക്കാതെ ഓരോ ജോലിക്കും ആവശ്യമായ പരിശീലനം നൽകി യുവാക്കളെ പ്രാപ്തരാക്കി അവർക്ക് തന്റെ കമ്പനിയിൽ അദ്ദേഹം ജോലി നൽകിയിരിക്കുന്നു.തന്റെ കമ്പനി യിലെ സെക്യൂരിറ്റി ഗാർഡ് ആയിരുന്ന അബ്ദുൽ ഹാലിം എന്ന വ്യക്തിയെ കമ്പ്യൂട്ടറിനോടുള്ള അഭിരുചി മനസ്സിലാക്കി പരിശീലനം നൽകി അദ്ദേഹത്തെ ഇന്നൊരു നല്ല എഞ്ചിനീയർ ആക്കി മാറ്റാൻ വെമ്പുവിന് സാധിച്ചു .ഒരു ബിസിനസ്സ്കാരൻ എന്നതിലുപരി ഒരു കാരുണ്യ പ്രവർത്തകൻ കൂടിയാണിദ്ദേഹം. ഇത്തരം പ്രവർത്തികൾ മുൻ നിർത്തി രാജ്യം അദ്ദേഹത്തിന് പദ്മശ്രീ നൽകി ആദരിച്ചു.
ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് ആഗോള തലത്തിലേക്ക് സോഫ്റ്റ്‌വെയർ വികസിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ ഇദ്ദേഹം തമിഴ് നാട്ടിലെ 10 ഗ്രാങ്ങൾ കേന്ദ്രമാക്കി സോഹോയുടെ ഓഫീസുകൾ സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ കേരളത്തിലെ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലും സോഹോ റിസർച്ച് ആൻഡ് ടെവേലോപ്മെന്റ്റ് ഓഫീസുകൾ ആരംഭിക്കുന്നുണ്ട്. അവരവരുടെ ഗ്രാമത്തിൽ തന്നെ ജോലി ചെയ്യാനുള്ള സൗകര്യം ഇത് മൂലം തൊഴിലാളികൾക്ക് ലഭിക്കുന്നു .കുടുംബത്തോടും കൂട്ടുകാരോടും അടുത്ത് ജീവിക്കുന്നത് മനസികാരോഗ്യത്തിന് നല്ലതാണെന്നാണു ശ്രീധറിന്റെ കാഴ്ചപ്പാട്. അത് കൊണ്ട് കൂടിയാണ് അദ്ദേഹം നാട്ടിൻ പുറങ്ങളിലേക്ക് തന്റെ ബിസിനെസ്സ് വ്യാപിപ്പിക്കാൻ കാരണം. ഇന്ന് അദ്ദേഹത്തിന്റെ ബിസിനസിന്റെ 90% ഉത്പാദനം നടക്കുന്നതും ഗ്രാമങ്ങളിലെ ഓഫീസുകളിൽ നിന്നുമാണ്. ഗ്രാമത്തിൽ നിന്ന് ആഗോള സ്വാധീനത്തിലേക്ക്
കോടികളുടെ ആസ്തി ഉണ്ടായിട്ടും ഇന്നും തനി ഗ്രാമീണൻ ആയാണ് ശ്രീധർ ജീവിക്കുന്നത്. അതി രാവിലെ തന്നെ എണീറ്റ് തന്റെ ദിവസം തുടങ്ങുന്ന വ്യക്തിയാനിദ്ദേഹം. ദീർഘ ദൂര നടത്തം, ഗ്രാമത്തിലെ കുളത്തിൽ നിന്നുള്ള കുളി എന്നിവ ഇദ്ദേഹത്തിന്റെ ദിന ചര്യയാണ്. കൃഷിയിൽ തല്പരനായ വെമ്പുവിന് നെൽകൃഷി, വാഴ, പച്ചക്കറി കൃഷി എന്നിവയും ഉണ്ട്. നാട്ടിലൂടെ സൈക്കിൾ സഫാരി നടത്താനും, ഗ്രാമീണരോട് കുശലന്വേഷണങ്ങൾ നടത്താനും ഇദ്ദേഹം സമയം കണ്ടെത്തുന്നു.ഇനിയും ഇദ്ദേഹത്തിൽ നിന്നും നൂതനമായ ആയ പല ആശയങ്ങളും നമുക്ക് പ്രതീക്ഷിക്കാം.