ഒരു കാട് അവിടെ കുറേ മൃഗങ്ങൾ അവർക്കു കൂട്ടായി ഒരു മനുഷ്യൻ, എവിടെയോ കേട്ടുമറന്ന കഥകളിൽ ഒന്നാണെന്ന് വിചാരിച്ചെങ്കിൽ തെറ്റി. സ്വന്തം കുടുംബത്തെ പോലെ ഒരു വനത്തെയും അവിടത്തെ ജീവജാലങ്ങളെയും സ്നേഹിച്ച അത്ഭുതമനുഷ്യൻ. തന്റെ ജീവിതത്തിന്റെ 30 വർഷം ചെലവഴിച്ച് 40 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചാണ് ജാദവ് പായെങ് ‘ഇന്ത്യയുടെ വനമനുഷ്യൻ’ എന്ന പേര് നേടിയത്.
ബ്രഹ്മപുത്ര അസമിന്റെ വരദാനമാണെങ്കിലും ചിലപ്പോഴൊക്കെ ശാപമായി മാറുമായിരുന്നു .രൂക്ഷമായ വെള്ളപ്പൊക്കം അവിടത്തെ ജന ജീവിതത്തെ ഒരു പാട് പ്രതിസന്ധിയിൽ ആഴ്ത്തും.1979 ൽ ഇതുപോലൊരു വെള്ളപൊക്കമായിരുന്നു ജാദവിന്റെ ജീവിതമാകെ മാറ്റി മറിച്ചത്.
മഹാപ്രളയത്തിൽ ദ്വീപിലേക്ക് ഒലിച്ചുവന്ന നൂറുകണക്കിന് പാമ്പുകൾ ആ മരുഭൂമിയിൽ വച്ച് സൂര്യാഘാതമേറ്റ് ചത്തൊടുങ്ങിയപ്പോഴാണ് വരൾച്ചയുടെ തീവ്രത ജാദവ് മനസ്സിലാക്കിയത്.മരങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു ദുരന്തം കാണേണ്ടി വരില്ലെന്ന തിരിച്ചറിവായിരുന്നു പിന്നീട് . അന്ന് തൊട്ട് ദിനംപ്രതി ഓരോ തൈകളായി നട്ട് വളർത്തി ദ്വീപിനെ പഴയ രൂപത്തിൽ തിരിച്ചു പിടിക്കാൻ ഉള്ള ശ്രമമായിരുന്നു.
വെറും മുളച്ചെടികളിൽ നിന്നും പിന്നീട് ഏക്കറുകണക്കിന് നീളുന്ന മൊലായ് വനമായി മജൂലി ദ്വീപ് രൂപാന്തരം പ്രാപിക്കുമ്പോൾ അതിനു പുറകിൽ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും കഠിനാധ്വാനവും ഏറെ ആണ്.ആദ്യമൊക്കെ വിവിധ ഇനം പക്ഷികളും നൂറുകണക്കിന് മാനുകളും മുയലുകളുമൊക്കെ ആയിരുന്നു അതിഥികൾ .പതുക്കെ കടുവകളും ,കാണ്ടാമൃഗങ്ങളും കൂടി അവിടേക്കു ചേക്കേറി .ഏകദേശം നൂറു ആനകളുള്ള ഒരുകൂട്ടം എല്ലാ വർഷവും സ്ഥിരമായി വനം സന്ദർശിക്കുകയും ആറു മാസത്തോളം തങ്ങുകയും ചെയുന്നു .
ആനക്കൂട്ടത്തെ പിന്തുടർന്ന് വന്ന ഫോറെസ്റ്റുകാർ ആണ് അങ്ങനെ ഒരു കാടിനേയും അവിടത്തെ സംരക്ഷകനെയും കുറിച്ച് ആദ്യമായി അറിയുന്നത് .തുടർന്ന് 2007 ൽ ഫോട്ടോഗ്രാഫർ ആയ ജിത്തു കലിത ആണ് ജാദവിനെ പുറം ലോകത്തിനു പരിചയപ്പെടുത്തിയത് .വനവും അവിടത്തെ ജീവിതവും ജിത്തു വിനു വിവരിച്ചു കൊടുക്കുമ്പോൾ ഒരിക്കലും ജാദവ്ക രുതിയിരിക്കില്ല തന്റെ തലവര തന്നെയാണ് ഇതിലൂടെ മാറുന്നതെന്ന്.
ജിത്തു കലിത നിർമിച്ച ‘ ദി മൊലായി ഫോറെസ്റ് ‘ എന്ന ചലച്ചിത്ര ഡോക്യുമെന്ററി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ പ്രദർശിപ്പിച്ചു . ഈ സർവകലാശാലയാണ് അദ്ദേഹത്തെ ‘ഇന്ത്യയുടെ വനമനുഷ്യൻ ‘ എന്ന് വിശേഷിപ്പിച്ചത് .അതെ വർഷം തന്നെ അദ്ദേഹത്തിന് അന്നത്തെ രാഷ്‌ട്രപതി ആയിരുന്ന ശ്രീ എ പി ജെ അബ്‌ദുൾ കലാമിനെ കാണുവാനും അദ്ദേഹത്തിന്റെ കൈയിൽ നിന്നും ഡയമണ്ട് ജൂബിലി അവാർഡ് കരസ്ഥമാക്കാനും സാധിച്ചു . 2015 ൽ ജാദവ് പായെങ്ന് പത്മശ്രീ നൽകി ലോകം ആദരിച്ചു
പ്രശസ്തിയുടെ കൊടുമുടിയിലും അദ്ദേഹം സാധാരണക്കാരിൽ സാധാരണക്കാരനായി തന്റെ ഉപജീവനമാർഗമായ മത്സ്യബന്ധനവും ,പശുവളർത്തലും തുടരുന്നു . മരങ്ങൾ നട്ടു പിടിപ്പിക്കാൻ അനുയോജ്യമായ മാസങ്ങളായ സെപ്റ്റംബർ മുതൽ എല്ലാ വർഷവും മൂന്നു മാസത്തേക്ക് തന്റെ അറിവ് പങ്കിടുവാൻ ജാദവ് പയെങ് നോർത്ത് അമേരിക്കയിൽ ഉണ്ടാകും.മെക്സിക്കോയിൽ തന്റെ മൊലായി വനം പോലെ മറ്റൊരു കാട് സൃഷ്ടിക്കാനുള്ള പണി പുരയിലും ആണ് .അതിനായി മെക്സിക്കൻ ഗവണ്മെന്റ് അദ്ദേഹത്തിന് 10 വർഷത്തെ വിസയും അനുവദിച്ചു നൽകി .അതിനായി അദ്ദേഹം ആസ്സാമിൽ നിന്നും കവുങ്ങിൻ തൈകളും , തെങ്ങിൻ തൈകളും കൊണ്ട് പോയിരുന്നു .കാരണം തെങ്ങിനും ,കവുങ്ങിനും വെള്ളപ്പൊക്കത്തിൽ നിന്നും ആ പ്രദേശങ്ങളെ സംരക്ഷിക്കാൻ ഉള്ള കഴിവ് കൂടുതൽ ആണത്രേ
പ്രകൃതിയുമായി ഇണങ്ങി പ്രകൃതിയെ മനസിലാക്കി ജീവിക്കുന്ന ഒരു മനുഷ്യൻ .തനിക്ക് ലഭിക്കുന്നതെല്ലാം പ്രകൃതി കനിഞ്ഞു നല്കിയതാണെന്നു വിശ്വസിച്ചു ജീവിക്കുന്ന ഒരു മനുഷ്യൻ.കാടിനേയും അവിടത്തെ ജീവജാലകങ്ങളെയും ഇത്രയും നാൾ ഒരു നിധി പോലെ കാത്തു സൂക്ഷിക്കുന്നു.നാളെക്കായി വാർത്തെടുക്കപ്പെടുന്ന ഒരു തലമുറ തന്നെ പോലെ ആയില്ലെങ്കിലും പ്രകൃതിയെ മനസിലാക്കിയും പരിപാലിച്ചും ജീവിക്കണമെന്ന് ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്?
അപൂർവങ്ങളിൽ അപൂർവ്വമായ ‘മൊലായ് വനം’ കാണാൻ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തിച്ചേർന്നു ,അല്ല ഇന്നും എത്തിച്ചേർന്നു കൊണ്ടേ ഇരിക്കുന്നു .
ആഗോളതാപനവും ,മഴക്കെടുതിയും ,കാലാവസ്ഥ വ്യതിയാനങ്ങളുമെല്ലാം ഭാവിയിലേക്കുള്ള മുന്നറിയിപ്പാണെന്ന് തിരിച്ചറിഞ്ഞിട്ടും അതിനു നേരെ നാം കണ്ണുകൾ അടക്കുകയാണ് . മനുഷ്യന്റെ സ്വാർത്ഥ താൽപര്യങ്ങൾക്ക് അതിർവരമ്പുകൾ ഇല്ലാത്ത കാലത്തോളം ജാദവ് പയെങ് എന്ന മനുഷ്യൻ നമുക്ക് ഒരു അത്ഭുത മനുഷ്യനായി തുടർന്ന് കൊണ്ടേ ഇരിക്കും .അദ്ദേഹം കാണുന്ന സ്വപ്‌നങ്ങൾ വെറും സ്വപ്‌നങ്ങൾ മാത്രമായി മാറാതിരിക്കട്ടെ