ഓറോവിൽ : മനുഷ്യർ ജീവിക്കുന്ന സ്വർഗ്ഗ ഭൂമി


ചെന്നൈയിൽ നിന്നു 150 കിലോമീറ്റർ അകലെ വില്ല് പുരം ജില്ലയിൽ സ്ഥിതി ചെയ്യുന്നു. പോണ്ടിച്ചേരിയിൽ നിന്നും 10 കിലോമീറ്റർ മാത്രം അകലെ ആയി 20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന പ്രദേശം. ജാതി മത,ലിംഗ, ദേശ വ്യത്യാസമന്യേ മനുഷ്യർ വസിക്കുന്നിടം. ഇങ്ങനെയൊരിടം ഇന്ത്യയിൽ എന്നല്ല ലോകത്ത് ഒരിടത്തുമില്ല.

അരബിന്ദ ഘോഷിന്റെ അദ്ധ്യാത്മിക അന്വേഷണങ്ങളിൽ സഹയാത്രിക ആയിരുന്ന ‘ദ മദർ ‘ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മിറ ആൽഫസ എന്ന ഫ്രഞ്ച് വനിത 1968 ൽ ആരംഭിച്ച സ്വപ്ന നഗരിയാണ് ഓറോവിൽ. വരണ്ട പ്രദേശ മായിരുന്ന ഇവിടെ ഒരു ആൽമരം മാത്രമാണ് അന്ന് ഉണ്ടായിരുന്നത്. മദറിന്റെ നിർദേശ പ്രകാരം മുന്നൂറോളം വിദേശികൾഇവിടേക്ക് കുടിയേറി പാർത്തത് മുതലാണ് ഈ പരദേശത്തിന്റെ തലവര മാറിയത്.

പിന്നീട്, ‘പുരോഗമന വാദികളും സത്യാന്വേഷിക്കളുമായ എല്ലാവർക്കും സ്വാഗതം’എന്ന മദറിന്റെ ആഹ്വാനം ചെവിക്കൊണ്ട് 1968 ഫെബ്രുവരി 28 നു ഏകദേശം അയ്യായിരത്തോളം പേർ അവിടേക്ക് എത്തി ചേർന്നു. അവർ ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഒത്തൊരുമയെ സൂചിപ്പിക്കുവാൻ വേണ്ടി 124 രാജ്യങ്ങളിലെ യും 23 ഇന്ത്യൻ സംസ്ഥാനങ്ങളിലെയും മണ്ണ് ഒരു മാർബിൾ കലശത്തിൽ നിക്ഷേപിച്ചു.50 വർഷത്തിനിപ്പുറം തരിശ് ഭൂമിയിൽ നിന്നും ഒരു പൂങ്കവന മായി മാറിയിരിക്കുന്നു ഇവിടം.

“നമുക്ക് പരീക്ഷണാർത്ഥ മായിട്ടൊരിടം ഉണ്ടാക്കാം ഒരു പാട് പേർ ഒന്നിച്ചു കഴിയുന്നൊരു പട്ടണം “എന്ന മദറിന്റെ വാക്കിൽ നിന്നു മാണ് ഇങ്ങനെ ഒരിടം പിറവിയെടുക്കുന്നത്.മദർ മിറ ആൽഫസ യാൽ കുറിക്കപ്പെട്ട നാല് പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് ഓറോവിൽ വിഭാവനം ചെയ്യപ്പെട്ടത്.

1. ഓറോവിൽ ആരുടേയും സ്വകാര്യ സ്വത്തല്ല. ലോകത്തിൽ സർവ്വ മനുഷ്യർക്കും ഒരു പോലെ അവകാശപ്പെട്ടതാണ്.
2. ശാശ്വതമായിട്ടുള്ള വിജ്ഞാനത്തിന്റെയും സ്ഥായി ആയിട്ടുള്ള പുരോഗതിയുടെയും ഒരിക്കലും വാർദ്ധക്യം എശാത്ത യോവ്വനത്തിന്റെയും കേന്ദ്രമായിരിക്കും ഓറോവിൽ.
3. ഭൂതകാലത്തിനും ഭാവികലാത്തിനും ഇടയിലുള്ള ഒരു പാല മായിരിക്കും ഓറോവിൽ.
4. മാനവികതയെ സംബന്ധിച്ച ഭൗതികവും ആദ്ധ്യാത്മികവുമായിട്ടുള്ള ഗവേഷണ പാഠശാല ആയിരിക്കണം ഓറോവിൽ.

അഞ്ചു പതിറ്റാണ്ടുകൾക്ക് ശേഷം ഓറോവിൽ ഇന്ന് ഒരു ആദർശ നഗരമാണ്. നിയമത്തിന്റെ കേട്ടുപാടുകൾ ഇല്ലാത്ത, മത വിദ്വേഷം എത്തി നോക്കിയിട്ടില്ലാത്ത ഒരിടം. എല്ലാവരെയും ഒരു പോലെ കാണുകയും പരിഗണിക്കുകയും ചെയ്യുന്നൊരിടം.നിങ്ങൾ തൂപ്പുകാരനാവട്ടെ മാനേജറാവട്ടെ മാറ്റാരുമാവട്ടെ ഇവിടെ എല്ലാവരും സംമ്പാദിക്കുന്നത് ഒരേ വേതനമാണ്. നമുക്ക് ഇഷ്ടമുള്ള പണി തിരഞ്ഞെടുത്തുകൊണ്ട് അത് ചെയ്യുക, ഈ സമൂഹത്തിനു വേണ്ടി പരിശ്രമിക്കുക അത് മാത്രമാണ് ഇവിടെ കഴിയുന്നതിനുള്ള മാനദണ്ഡം.ഒരു ഡോക്ടർ ആയിരുന്ന വ്യക്തിയെ നമുക്കിവിടെ പാടത്തോ പാചകപ്പുരയിലോ മറ്റോ ജോലി ചെയ്യുന്നവരായി കാണാൻ സാധിക്കും. പക്ഷെ ഓറോവിലിൽ അയാൾ ചെയ്യുന്ന ജോലിയിൽ പൂർണ തൃപ്തനാണ് എന്നതാണ് ഇവിടുത്തെ ഒരു പ്രത്യേകത. ചെയ്യുന്ന ജോലി എന്ത് എന്നതല്ല ഏത് ജോലിയും സന്തോഷത്തോടെ ചെയ്യുക എന്നതാണ് പ്രധാനം. പ്രതിഫലത്തെ കുറിച്ചോർക്കാതെ പൂർണ മനസ്സോടെ ഇവിടെ എല്ലാവരും ജോലി ചെയ്യുന്നു.

ഇപ്പോൾ ഇവിടെ 50 രാജ്യങ്ങളിൽ നിന്നായി ഏകദേശം മൂവ്വായിരത്തോളം സ്ഥിര താമസക്കാർ ഉണ്ട്.
1968 മുതൽ 1973 ൽ മദർ മരിക്കുന്നത് വരെ അരബിന്തോ സൊസൈറ്റി ആയിരുന്നു അതിന്റെ ലീഗൽ ഉടമസ്ഥർ. മദറിന്റെ മരണശേഷം അരബിന്തോ സൊസൈറ്റി യും ഓറോവിൽ നിവാസികളും തമ്മിൽ ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് ഓറോവിൽ കേന്ദ്ര ഗവണ്മെന്റ് ഏറ്റെടുത്തു.

പലരും കരുതുന്നത് ഈ ഓറോവിൽ നിവാസികളെ തീറ്റി പോറ്റുന്നത് നമ്മുടെ സർക്കാരാണ് എന്നാണ്. പക്ഷെ ഇത് പൂർണ മായും ശെരി അല്ല.കേന്ദ്ര സർക്കാരിന്റെ സഹായം കിട്ടുന്നുണ്ടെങ്കിലും വർഷവർഷം കൃത്യ മായൊരു തുക എന്നില്ല ചിലപ്പോൾ അനുവദിക്കുന്ന തുക കൃത്യമായി കിട്ടാറും ഇല്ല. അത് കൊണ്ട് തന്നെ ഇതിനെ ആശ്രയിക്കാൻ ഓറോവിൽ നിവാസികൾക്ക് സാധിക്കാറില്ല. കേന്ദ്രം കൊടുക്കുന്ന തുക എന്നു പറയുന്നത് ഓറോവിൽ കമ്മ്യൂണിറ്റി സ്വരൂപിക്കുന്ന തുകയുടെ 5% മാത്രമാണ്.

ഇവിടെ 250 ൽ അധികം ഗ്രീൻ എന്റെർപ്രൈസുകൾ പ്രവർത്തിക്കുന്നു. കൂടാതെ 17 ഓർഗാനിക് ഫാമുകളും ഇവിടെയുണ്ട് അവ 17 രീതിയിലുള്ള വയാണ്.80 ൽ അധികം രാജ്യങ്ങളിൽ നിന്നും ആളുകൾ ഇവിടെ ഓരോ വർഷവും പരിശീലനത്തിനായി എത്തുന്നു.ഇങ്ങനെ 80ൽ അധികം രാജ്യങ്ങളിൽ നിന്നും പരിശീലനങ്ങൾക്ക് വരുന്ന ഒരു യൂണിവേഴ്സിറ്റി യും ഇന്ത്യയിൽ ഇല്ല. മാനവശേഷി വകുപ്പിന്റെ സ്ഥാപനങ്ങളുടെ ലിസ്റ്റിൽ IIM നും IIT ക്കും ഒപ്പമാണ് ഓറോവിൽ. എന്നാൽ IIM നും IIT ക്കും കിട്ടുന്ന ഗ്രാൻറ്റും ഓറോവിൽ നു കിട്ടുന്ന ഗ്രാൻറ്റും എത്ര എന്നു നോക്കിയാൽ അത് എത്രത്തോളം കുറവാണു എന്നു നമുക്ക് മനസ്സിലാകും.

പ്രകൃതിയോട് ഇണങ്ങി ചേർന്നുകൊണ്ടുള്ള ആവാസ വ്യവസ്ഥ വികസിപ്പിച്ചെടുക്കുന്നതിനുള്ള വൈധഗ്ദ്യം അവർ ഓറോവില്ലിന് പുറത്തും തെളിയിച്ചിട്ടുണ്ട്. അതിനു ഏറ്റവും നല്ല ഉദാഹരണമാണ് ‘അടയാർ പൂങ്ക’. അടയാർ ക്രീക്കിനടുത്തുള്ള 58 ഏക്കർ മാലിന്യ കൂമ്പാര മായിരുന്ന സ്ഥലം ഒരു എക്കോ പാർക്കായി മാറ്റാൻ തമിഴ് നാട് സർക്കാർ ഏൽപ്പിച്ചത് ‘പിചാണ്ടിക്കൂലം ഫോറെസ്റ്റ് കോൺസൽറ്റേഷൻ ‘ എന്ന ഓറോവിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനത്തെ ആയിരുന്നു. ഇന്ന് ഇവിടം 300 ൽ അധികം സസ്യ, ജീവി വർഗ്ഗങ്ങൾ ഉള്ള ഒരു വനമായി മാറിയിരിക്കുന്നു. ചെന്നൈ നഗരത്തിന്റെ ശ്വാസകോശം ആണിന്നിവിടം


ആർക്കു വേണമെങ്കിലും ഒരൊവില്ലെൻ ആവാം പക്ഷെ രണ്ടു കടമ്പകൾ കടക്കേണ്ടതുണ്ട്. ആദ്യ ഘട്ടം എക്സ്പ്ലോറേഷൻ ഫേസ് എന്നും രണ്ടാം ഘട്ടം ന്യൂ കമർ ഫേസ് എന്നും അറിയപ്പെടുന്നു. ഒരിക്കൽ ഒരൊവില്ലെൻ ആയി കഴിഞ്ഞാൽ അയാൾക്ക് അവിടുത്തെ വെബ്സൈറ്റിൽ ഒരു ഇമെയിൽ വിലാസവും അവിടുത്തെ ഐഡി കാർഡുമൊക്കെ കിട്ടും. ഓറോവിൽ പ്രവർത്തിക്കുന്നത് മൈന്റെനൻസ് എന്ന ഒരു സങ്കല്പത്തിന്റെ പുറത്താണ്. എല്ലാ ഓറോവിൽ നിവാസിക്കും ആ കമ്മ്യൂണിറ്റിക്ക് അവർ ചെയ്യുന്ന സേവനത്തിനു പകരമായിട്ട് ഒരു നിശ്ചിത തുക മൈന്റെനൻസ് ആയിട്ട് കിട്ടും. അത് എഞ്ചിനീയർ ആയാലും തൂപ്പുകാരനായാലും കിട്ടുന്നത് ഒരേ തുകയാണ്. സ്ഥിര താമസക്കാർ ഓറോ കാർഡ് എടുത്തിരിക്കണം. പ്രതിമാസ വേതനം ഈ കാർഡിൽ ക്രെഡിറ്റ്‌ ആവുകയാണ് ചെയ്യുക. ഇതിൽ നിന്നുമാണവർ ചിലവിനുള്ള തുക എടുക്കുന്നത്.


ഓറോവിലിൽ വികസനത്തിന്റെ പേരിൽ നടക്കുന്ന ക്രൗൺ റോഡിൽ നിർമ്മിക്കാനിരിക്കുന്ന പാതയെ ചൊല്ലിയാണിപ്പോൾ ഇവിടുത്തെ പ്രശ്നം. ഒറിജിനൽ പ്ലാൻ പ്രകാരം നഗരത്തിനു മധ്യ ഭാഗത്തു കൂടിയാണ് പ്ലാൻ കടന്നു പോകുന്നത് അതിന്റെ ഫലമായി ധാരാളം വൃക്ഷങ്ങൾ മുറിക്കേണ്ടി വരികയും ചില കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയും വേണം. കൂടാതെ ഓറോവിൽ ഒരു ആത്മീയ ടൂറിസ്റ്റ് സെന്റർ ആക്കാനുള്ള ശ്രമവും നടക്കുന്നു. ഇതിനെതിരെ യഥാർത്ഥ ഒരൊവില്ലെൻസ് പ്രതിഷേധത്തിലാണ്.

ഈ സ്വപ്ന നഗരം ഒരിക്കലും നശിക്ക പെടാതിരിക്കട്ടെ. ജാതി, മത ഭേദമന്യേ മനുഷ്യർ ജീവിക്കുന്ന ഒരു സ്വർഗ്ഗ ഭൂമിയായി എന്നും നിലനിൽക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *