“നാടോടുമ്പോൾ നടുവേ ഓടണം” എന്നാണല്ലോ, എന്നാൽ തന്റെ വ്യാപാരത്തിൽ അങ്ങനെ ഓടാൻ തയ്യാറാവാത്ത വ്യക്തിയാണ് ചെട്ടിപ്പടിയിലെ ബാവുക്ക എന്ന പേരിൽ അറിയപ്പെടുന്ന ഹസ്സൻ കോയ.
ഏതാണ്ട് 70 വർഷങ്ങൾക്ക് മുൻപ് തന്റെ പിതാവിൽ നിന്നും പാരമ്പര്യമായി കിട്ടിയ എണ്ണ വ്യാപാരം അതെ പ്രൌഡിയോടെ നില നിർത്തി പോരുകയാണ് ബാവുക്ക. പഴയ കാലത്ത് മരച്ചക്ക് ഉപയോഗിച്ചായിരുന്നു എണ്ണ ഉത്പാദനം നടന്നിരുന്നത് ആ കാലത്തെ സ്മരണ എന്നോണം ഇന്നും അതെ മരച്ചക്ക് ഉപയോഗിച്ചാണ് ഇവിടെ എണ്ണ ഉത്പാദിപ്പിക്കുന്നത്. വ്യാപാരം എന്നാൽ ലാഭം ഉണ്ടാക്കാനുള്ള ഒരു ഉപാധി മാത്രമായി കാണാതെ 100% പരിശുദ്ധിയോട് കൂടി തന്റെ ഉത്പന്നങ്ങൾ ഉപഭോക്താവിലേക്കെത്തിക്കാൻ പ്രതിജ്ഞാ ബദ്ധനാണ് ബാവുക്ക.
വെളിച്ചെണ്ണയും നല്ലെണ്ണയുമാണിവിടെ ഉത്പാദിപ്പിക്കുന്നത്.പണ്ട് പശുവിനെ ഉപയോഗിച്ചായിരുന്നു മരച്ചക്ക് തിരിച്ചിരുന്നത് ഇന്ന് പശുവിനു പകരം മോട്ടോർ ഘടിപ്പിച്ചു എന്നൊരു മാറ്റം മാത്രമാണ് 100 ലേറെ വർഷത്തെ പാരമ്പര്യ മുള്ള ഇവിടുത്തെ വ്യാപാരത്തിൽ കൊണ്ട് വന്നിട്ടുള്ളത്.
വ്യാപാരി എന്നതിലുപരി സ്വാതന്ത്ര്യ സമര സേനാനി കൂടി യാണ് ബാവുക്ക. സ്കൂൾ പഠനകാലത്ത് സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായി ബ്രിട്ടനെതിരെ നടന്ന സമരങ്ങളിൽ അതീവ താല്പര്യത്തോടെ പങ്കെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം തമിഴ് നാട്ടിലെ ആവഡിയിൽ വച്ചു നടന്ന കോൺഗ്രസ് ദേശീയ സമ്മേളനത്തിലേക്ക് പരപ്പനങ്ങാടി യിൽ നിന്നും പുറപ്പെട്ട സംഘത്തിലെ പ്രായം കുറഞ്ഞ വ്യക്തി ആയിരുന്നു ബാവുക്ക.
ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി യാത്രകൾ നടത്തിയിട്ടുള്ള ബാവുക്ക അങ്ങനെ ഒരു യാത്രയ്ക്കിടെ യാണ് ലുലു ഗ്രൂപ്പ് ചെയർമാൻ ശ്രീ എം എ യുസുഫ് അലിയെ പരിചയപ്പെടുന്നത്.തന്റെ പരമ്പരാഗത രീതിയിലുള്ള എണ്ണ ഉത്പാദനത്തെ കുറിച്ചറിഞ്ഞ യുസുഫ് അലി ബാവുക്കയിൽ നിന്നു മാണ് അതിനു ശേഷം എണ്ണ വാങ്ങിക്കുന്നത്. നീണ്ട 17 വർഷമായുള്ള ആ ബന്ധം ബാവുക്ക ഇന്നും നിലനിർത്തി പോരുന്നു.
പരിശുദ്ധിയിലും പാരമ്പര്യ ത്തിലും വിട്ടു വീഴ്ച ഇല്ലാത്ത ബാവുക്കയുടെ വ്യാപാര സ്ഥാപനം ചെട്ടിപ്പടി അങ്ങാടിയിൽ ഇന്നും സജീവമാണ്.