വെള്ളയാണിക്കായലിന് പുതുജീവനേകി ബിനുവിന്റെ ഒറ്റയാൾ പോരാട്ടം

കേരളത്തിലെ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വെള്ളയാനിക്കായൽ, പ്രകൃതി സൗന്ദര്യത്തിന്റെയും പാരിസ്ഥിതിക സമൃദ്ധിയുടെയും പ്രതീകമാണ്.ഈ തടാകം വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്.  വെള്ളായണിക്കായലിന്റെ പാരിസ്ഥിതിക പ്രാധാന്യം വർദ്ധിപ്പിക്കുന്ന സമ്പന്നമായ ജൈവവൈവിധ്യം പ്രദാനം ചെയ്യുന്ന നിരവധി ഇനം മത്സ്യങ്ങളും പക്ഷികളും ജലസസ്യങ്ങളും അതിന്റെ ആവാസവ്യവസ്ഥയിൽ തഴച്ചു വളരുന്നു.

വെള്ളയാണിക്കായലിനെ കുറിച്ച്

കേരളത്തിലെ തിരുവനന്തപുരത്തുള്ള വെള്ളായണിക്കായൽ, അതിനെ വേറിട്ട് നിർത്തുന്ന നിരവധി പ്രത്യേകതകളുള്ള ഒരു അതുല്യവും മനോഹരവുമായ സ്ഥലമാണ്.കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആൻഡ് എൻവയോൺമെന്റിന്റെ റിപ്പോർട്ടുകൾ പ്രകാരം തടാകത്തിൽ ഏകദേശം 92 ഇനം തണ്ണീർത്തട പക്ഷികളും 37 ഇനം മത്സ്യങ്ങളും ഉണ്ട്. തടാകത്തിന്റെ ഒരു ഭാഗത്തെ കൊച്ചു കോവളം എന്നാണ് നാട്ടുകാർ പറയുന്നത്.  വളരെക്കാലം മുമ്പ്, ഈ തടാകത്തിന്റെ വിസ്തീർണ്ണം 558 ഹെക്ടറായിരുന്നു, ഇത് സമീപ വർഷങ്ങളിൽ ഏകദേശം 222 ഹെക്ടർ ആയി കുറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജലതടാകമായ വെള്ളയാണിക്കായൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ്. താമര നിറയെ വിരിഞ്ഞു നിൽക്കുന്ന വെള്ളായണി കായൽ നല്ലൊരു കാഴ്ചാനുഭൂതിയാണ് നൽകുന്നത്. വെള്ളായണിക്കായലിൽ സന്ദർശകർക്ക് അതുല്യമായ ബോട്ടിംഗ് അനുഭവം ആസ്വദിക്കാം.  ബോട്ടുകൾ ശാന്തമായ വെള്ളത്തിലൂടെ സൗമ്യമായി നീങ്ങുന്നു, വിനോദസഞ്ചാരികൾക്ക് ചുറ്റുപാടുകളുടെ പ്രകൃതി ഭംഗിയിൽ മുങ്ങിക്കുളിക്കാനും നഗരത്തിന്റെ തിരക്കുകളിൽ നിന്നും സമാധാനപരമായ രക്ഷപ്പെടൽ അനുഭവിക്കാനും അനുവദിക്കുന്നു.

വെള്ളായണിക്കായൽ വെറും ജലാശയമല്ല;  പ്രകൃതിസൗന്ദര്യം,വിനോദ അവസരങ്ങൾ എന്നിവയുടെ സമന്വയം വാഗ്ദാനം ചെയ്യുന്ന ഒരു ബഹുമുഖ ലക്ഷ്യസ്ഥാനമാണ്‌. ഇത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ സവിശേഷവും പ്രിയപ്പെട്ടതുമായ സ്ഥലമാക്കി മാറ്റുന്നു. എന്നിരുന്നാലും, സമീപ വർഷങ്ങളിൽ, ഈ ശാന്തമായ തടാകം വർദ്ധിച്ചു വരുന്ന ഭീഷണി നേരിടുന്നു – മലിനീകരണം.

ഗ്ലോസി ഐബിസ്, സ്‌പോട്ട് ബിൽഡ് പെലിക്കൻ, പെയിന്റ്ഡ് സ്റ്റോർക്ക്, തുടങ്ങിയ വിവിധ ദേശാടന പക്ഷികൾ കാരണം വെള്ളായണി-പുഞ്ചക്കരി തണ്ണീർത്തടങ്ങൾ പക്ഷിനിരീക്ഷകർക്ക് പ്രിയപ്പെട്ട സ്ഥലമായിരുന്നു.  നിർഭാഗ്യവശാൽ, പ്ലാസ്റ്റിക് മലിനീകരണവും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ നഷ്ടവും കാരണം ഈ പക്ഷികളുടെ എണ്ണം സമീപ വർഷങ്ങളിൽ കുറഞ്ഞു. വെള്ളായണിക്കായലിന്റെ ശോഷണം അടിയന്തര ശ്രദ്ധയും അതിന്റെ പ്രാകൃതമായ പരിസ്ഥിതി പുനഃസ്ഥാപിക്കാൻ യോജിച്ച ശ്രമങ്ങളും ആവശ്യപ്പെടുന്ന ഒരു പ്രശ്നമാണ്. ഈ പശ്ചാത്തലത്തിലാണ് ബിനു എന്ന 49കാരൻ കടന്നു വരുന്നത്.

ബിനുവിന്റെ കടന്നു വരവ്

വെൽഡിങ് വർക്ക്ഷോപ് നടത്തുന്ന ബിനുവിന് 1 വർഷം മുൻപ് ആണ് വെള്ളയാണിക്കായലിനെയും പുഞ്ചക്കര തോടിനെയും സംരക്ഷിക്കേണ്ട ആവശ്യകത ബോധ്യപ്പെട്ടത്. കോവിഡ് കാലത്തു വെറുതെ ഇരുന്നപ്പോൾ ഒരു ബോട്ട് ഉണ്ടാക്കുകയും അത് പക്ഷെ വെള്ളത്തിലിറക്കിയപ്പോൾ മുങ്ങിപ്പോവുകയും ചെയ്തു. രണ്ടാമത് ഉണ്ടാക്കിയതാണ് ജെ സി ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ  കുഞ്ഞൻ ബോട്ട്.  കൈ കൊണ്ട് കറക്കി ഉപയോഗിക്കുന്ന ആ കുഞ്ഞൻ ബോട്ടിനെ കായലിൽ ഓടിച്ചു പരീക്ഷിക്കാൻ തീരുമാനിക്കുകയും അങ്ങനെ കായലിലൂടെ ഓടിച്ചു നടക്കുകയും ചെയ്യുകയായിരുന്നു. അപ്പോഴാണ് കുറച് പ്ളാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും കായൽ ജലത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. ബിനു തൽക്ഷണം അവ ജലത്തിൽ നിന്നെടുത്തു മാറ്റുകയും വീണ്ടും കുറച്ചു ദൂരം മുന്നോട്ട് പോവാനുറപ്പിക്കുകയും ചെയ്തു. മുന്നോട്ടു പോയപ്പോൾ മുന്പത്തെക്കാളും ഇരട്ടി മാലിന്യ കൂമ്പാരം വെള്ളത്തിൽ കിടക്കുന്നതാണ് കണ്ടത്. അന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കും ബിനുവിന് കിട്ടിയത് നാല് ചാക്കോളം പ്ലാസ്റ്റിക് മാലിന്യം ആണ്! കുട്ടിക്കാലത്തു കോരിക്കുടിച്ച ശുദ്ധജലം ഇന്ന് മലീമസമായിക്കൊണ്ടിരിക്കുന്ന കാഴ്ച അദ്ദേഹത്തിനെ വല്ലാതെ മുറിപ്പെടുത്തി. അന്ന് തുടങ്ങിയ യാത്രയാണ്. കായലിലെ ഓളങ്ങളിലൂടെ തന്റെ ബോട്ട് പായിച്ചു കൊണ്ട് പ്ളാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ.

പ്ളാസ്റ്റിക് ശേഖരണം: ബിനുവിന്റെ വഴികളിലൂടെ

രാവിലെ 6 മണിക്ക് ആരംഭിക്കുന്ന മാലിന്യ ശേഖരണം 9 മണി വരെ നീളുന്നു. തുടർന്ന് ഉച്ചക്ക് 3 മണി മുതൽ രാത്രി 7 മണി വരെ വീണ്ടും മാലിന്യ ശേഖരണത്തിനായി സമയം നീക്കി വെക്കുന്നു. ബിനുവിന്റെ മാലിന്യ ശേഖരണത്തിൽ പ്ലാസ്റ്റിക് കുപ്പികൾ മുതൽ സാനിറ്ററി നാപ്കിൻ വരെ പല വിധത്തിലുള്ള വസ്തുക്കളും ഉൾപ്പെടുന്നു. ഇതുവരെ അദ്ദേഹം 600 കിലോഗ്രാം മാലിന്യം പെറുക്കിയെടുത്തു. അതിൽ 350 കിലോഗ്രാമോളം പ്ലാസ്റിക് കുപ്പികൾ മാത്രമാണ് ഉള്ളത്. ഇത് വളരെ ഭയാനകമായ ഒരു ചിത്രമാണ് നമുക്ക് നല്കുന്നത്. പെറുക്കിയെടുത്ത മാലിന്യങ്ങളിൽ റീസൈക്കിൾ ചെയ്യാൻ കഴിയുന്നവ അദ്ദേഹം ആക്രിക്കടകളിൽ കൊടുക്കുകയും അല്ലാത്തവ ഒരിടത്തു ശേഖരിച്ചു പൂട്ടിവെക്കുകയും ചെയ്യുന്നു. എന്നിരുന്നാലും കുട്ടികളുടെ ഡയപ്പർ ആണ് പ്രധാനപ്പെട്ട ഒരു വില്ലനായി ബിനുവിന് തോന്നാറുള്ളത്. ഒരുപാട് ഡയപ്പർ കായലിൽ നിന്നു ബിനുവിന് ലഭിച്ചിട്ടുണ്ട്.“ കൊച്ചുകുട്ടിയുടേതായാലും വലിയവരുടേതായാലും മലം മലം തന്നെ അല്ലെ? ആഹാരം കഴിക്കാൻ തുടങ്ങുന്ന കുട്ടിക്ക് ഈ മലം കലക്കിയ വെള്ളം തന്നെ അല്ലെ വായിലേക്ക് വെച്ചു കൊടുക്കുന്നത്?”-ബിനു പറയുന്നു. ഒരു 20 വർഷത്തേക്ക് വെള്ളായണികായലിൽ നിന്നും മാലിന്യം നീക്കാതെ നിന്നാൽ പാർവതി പുത്തനാറിന്റെ അതേ ഗതി വെള്ളായണികായലിനും വരും എന്ന് ബിനു ആശങ്കപ്പെടുന്നു.

വെള്ളയാണിക്കായലിന് മാലിന്യ മുക്തമാക്കാൻ അധ്വാനിക്കുകയാണ് ബിനു. കായലിലെ ഏകദേശം 80%ഓളം പ്ളാസ്റ്റിക് മാലിന്യങ്ങൾ ബിനു ശേഖരിച്ചു എന്നു പറയുന്നു. പക്ഷെ അവ എങ്ങനെ പൂർണമായും സംസ്ക്കരിക്കണം അല്ലെങ്കിൽ നിർമാർജനം ചെയ്യും എന്ന ആശങ്കയിലാണ് ബിനു. സർക്കാരിന്റെയോ മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയോ സ്ഥാപനങ്ങളുടെയോ പിന്തുണയും സാമ്പത്തിക സഹായവും ഇല്ലാതെ ഇത് മുന്നോട്ട് കൊണ്ടു പോകാൻ ബുദ്ധിമുട്ടാണ് എന്നാണ് ബിനു പറയുന്നത്. ഒരു ബോട്ടും ജനറേറ്ററും സാമ്പത്തിക സഹായവുമാണ് ബിനു ചോദിക്കുന്നത്. മാത്രമല്ല ഒരു സി സി ടി വി സ്ഥാപിക്കുന്നതിലൂടെ മാലിന്യങ്ങൾ തള്ളുന്നവരെ ഒരു പരിധി വരെ കണ്ടെത്താനും അവർക്ക് പിഴ ചുമത്തുക പോലെയുള്ള തക്കതായ ശിക്ഷ  നൽകുവാനും കഴിയുമെന്ന് ബിനു അഭിപ്രായപ്പെടുന്നു.

തന്റെ പ്രവർത്തനം കൂടുതൽ ത്വരിതപ്പെടുത്താൻ വൈദ്യുതി ഉപയോഗിച്ചു കൊണ്ടുള്ള ക്രൈൻ ഉണ്ടാക്കാനുള്ള പരിശ്രമത്തിലാണ് ബിനു ഇപ്പോൾ. കൂടാതെ ചെറിയ ബോട്ട് ആയതിനാൽ കൂടുതൽ ആഴങ്ങളിലേക്ക് പോയി മാലിന്യം കോരാനും വളരെ പ്രയാസമായതിനാൽ വലിയ ബോട്ട് ഉണ്ടാക്കാനുള്ള പദ്ധതിയിലാണ് അദ്ദേഹം. ക്രൈനിന്റെ പണി പൂർത്തിയായാൽ ഉടൻ അദ്ദേഹം ആ പണി തുടങ്ങും. ഇതിനു ഏകദേശം 1 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത വരുന്നു. ഇതുവരെ ചെയ്ത കാര്യങ്ങൾക്ക് ആരുടെ അടുത് നിന്നും ഒരു രൂപ പോലും വാങ്ങാത്ത ബിനുവിന് പക്ഷേ ഈ സാമ്പത്തിക ബാധ്യത മറി കടക്കണമെങ്കിൽ അധികാരികളുടെ സഹായം ആവശ്യമാണെന്നു ബിനു ഉന്നയിക്കുന്നു.

ബിനുവിന്റെ പുതിയ സ്വപ്നങ്ങൾ

വെള്ളയാണിക്കായലിലെ മാലിന്യ നിർമാർജനം കഴിഞ്ഞാൽ കരമന നദിയാണ് ബിനുവിന്റെ അടുത്ത ലക്ഷ്യം. പുഞ്ചക്കര മുതൽ കരമന വരെയുള്ള ഭാഗങ്ങൾ വൃത്തിയാക്കുക എന്നതാണ് അദ്ദേഹം നിശ്ചയിച്ചിരിക്കുന്നത്. കിള്ളിയാറിന്റെ ശുചീകരണവും ബിനുവിന്റെ മനസ്സിലുള്ള ആശയമാണ്. ഈ സ്വപ്നങ്ങൾ പൂവണിയാൻ ബിനുവിന്റെ കുടുംബം കൂടെയുണ്ട്. പലപ്പോഴും നാട്ടുകാരുടെ കളിയാക്കലുകൾ നേരിട്ടെങ്കിലും ഇന്ന് എല്ലാവരും മനസ്സു നിറഞ്ഞു കയ്യടിക്കുകയാണ് ബിനുവിനെ കാണുമ്പോൾ. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം എന്തിനും ഏതിനും പിന്തുണ നൽകി  കൂടെ നിൽക്കുന്നു.

വെള്ളായണിക്കായലിന്റെയും മറ്റുള്ള ജലാശയങ്ങളുടെയും സൗന്ദര്യം വീണ്ടെടുക്കാനുള്ള തന്റെ അശ്രാന്തമായ ദൗത്യം ബിനു തുടരുമ്പോൾ, ഒരു വ്യക്തിയുടെ പ്രതിബദ്ധത പരിസ്ഥിതി സംരക്ഷണത്തിൽ ചെലുത്തുന്ന സ്വാധീനത്തിന്റെ പ്രചോദനാത്മകമായ ഓർമ്മപ്പെടുത്തലായി അദ്ദേഹത്തിന്റെ കഥ പ്രവർത്തിക്കുന്നു.  തന്റെ മഹത്തായ ഉദ്യമത്തിന്റെ വിജയം ഉറപ്പാക്കാൻ സർക്കാർ അധികാരികൾ, സ്ഥാപനങ്ങൾ, സമൂഹം എന്നിവയിൽ നിന്നുള്ള കൂട്ടായ പിന്തുണയുടെ പ്രാധാന്യത്തെ അദ്ദേഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ അടിവരയിടുന്നു.  ഭാവിതലമുറയ്‌ക്കായി നമ്മുടെ പ്രകൃതി സമ്പത്ത് സംരക്ഷിക്കുന്നതിൽ നിശ്ചയദാർഢ്യത്തിന്റെയും സമൂഹത്തിന്റെ ഇടപെടലിന്റെയും ഉദാഹരണമാണ് ബിനുവിന്റെ യാത്ര. അദ്ദേഹത്തിന്റെ അചഞ്ചലമായ നിശ്ചയദാർഢ്യവും അധികരികളുടെയും നാട്ടുകാരുടെയും പിന്തുണയും ഒത്തു ചേരുമ്പോൾ വെള്ളായണി കായൽ മാത്രമല്ല മറ്റു ജലാശയങ്ങളുടെ ശുശീകരണം പ്രവർത്ഥികമാവുകയും വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒരു ആവാസവ്യവസ്ഥയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *