മലയാളി ആയ ബാലകൃഷ്ണ മേനോൻ ആരംഭിച്ച കാർ കമ്പനി ആണ് അരവിന്ദ് ഓട്ടോമൊബൈൽസ്. നമ്മളിൽ പലർക്കും കേട്ട് കേൾവി പോലും ഇല്ലാത്ത കമ്പനി ആയിരിക്കാം.എന്നാൽ ഇന്നും നില നിന്നിരുന്നുവെങ്കിൽ ഒരു പക്ഷെ കേരളീയരുടെ അഭിമാനമാവുമായിരുന്നു.അന്ന് ഇത്തരം കമ്പനികൾക്കൊന്നും ഗവണ്മെന്റ് പ്രോത്സാഹനം നൽകിയിരുന്നില്ല. അത് കൊണ്ട് വെറും വെറും മൂന്ന് കാറുകളിൽ ഒതുങ്ങി തീർന്നു ഈ കമ്പനി.
കുന്നത്ത് അയ്യത്ത് ബാലകൃഷ്ണ മേനോൻ ത്രിശൂരിലെ വടക്കഞ്ചേരിയിൽ 1917 ൽ ജനിച്ചു സ്കൂൾ പഠനത്തിന് ശേഷം 1933 ൽ ഓട്ടോമൊബൈൽ മേഖലയിലേക്ക് ജോലിക്കായി ഇറങ്ങി. അഞ്ചു വർഷത്തെ വിവിധ വർക്ക് ഷോപ്പുകളിലെ അധ്വാനത്തിന് ശേഷം മേനോൻ കോയമ്പത്തൂരിൽ സർക്കാരിന്റെ ഗതാഗത വകുപ്പിൽ മെക്കാനിക് ആയി ജോലി കണ്ടെത്തുന്നു.അതിനു ശേഷം പ്രൊമ്പ്റ്റ് മോട്ടോർസ് എന്ന പേരിൽ സ്വന്തം വർക്ക് ഷോപ്പ് ആരംഭിച്ചു. വളരെ കുറഞ്ഞ കാലയളവു കൊണ്ട് തന്നെ വർക്ക് ഷോപ്പ് വളർന്നു കോട്ടയം, തിരുവനന്തപുരം, നഗർകോവിൽ എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ തുടങ്ങി.
അദ്ദേഹം തന്റെ കാറിൽ (Studebaker chambion) യാത്ര ചെയ്യുന്നതിനിടെ ഒരു ആക്‌സിഡന്റിൽ പെടുകയും കാർ പൂർണ്ണമായും നശിക്കുകയും ചെയ്തു മേനോനും കാര്യമായ മുറിവുകൾ സംഭവിച്ചു. മൂന്ന് മാസത്തെ ആശുപത്രി വാസത്തിനു ശേഷം പുറത്തിറങ്ങിയ അദ്ദേഹം ആദ്യമായി അന്വേഷിച്ചത് തന്റെ കാറിനെ കുറിച്ചായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ചിന്ത എത്രയും പെട്ടെന്ന് കാർ ശെരിയാക്കി എടുക്കുണം എന്നതായിരുന്നു. തന്റെ കഠിന പ്രയത്നത്തിലൂടെ മേനോൻ അതിനെ തികച്ചും പുതിയൊരു കാർ ആക്കി മാറ്റി. ഇടി ചാമ്പ്യൻ( Iddy Champion)എന്നു പേരുമിട്ടു. ഇതായിരുന്നു അദ്ദേഹം നിർമ്മിച്ച ആദ്യ കാർ.
1964ൽ തിരുവിതാംകൂർ മഹാരാജാവിനു ഒരു വാഹനം വാങ്ങണമെന്ന ആഗ്രഹം തോന്നി. അതിനായ് മേനോനെയും തന്റെ പേർസണൽ സെക്രട്ടറി പി വി തമ്പിയെയും രാജാവ് ചുമതല പ്പെടുത്തി. കാർ അന്വേഷിച്ചു ഗോവയിൽ എത്തിയ ഇരുവരും കുറെ അന്വേഷിച്ചെങ്കിലും പറ്റിയ ഒരു കാർ കണ്ടെത്താനായില്ല. രാജാവിന് വേണ്ടി താനൊരു കാർ നിർമിച്ചു തരാമെന്നു തമ്പിയോട് പറഞ്ഞു. ഉടനെ അദ്ദേഹം ഒരു പേപ്പർ എടുത്ത് രൂപ രേഖ തയ്യാറാക്കി തമ്പിക്ക് കാണിച്ചു കൊടുത്തു. കാറിന്റെ നിർമ്മാണത്തിനായി തനിക്ക് കൊട്ടാരത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന കാഡിലാക് കാർ തരണം എന്നാവശ്യപ്പെട്ടു.ഈ ആവശ്യം അറിഞ്ഞ രാജാവ് അദ്ദേഹത്തിന് കാർ നൽകുകയും ചെയ്തു. ഇതിനിടയിൽ പലരിൽ നിന്നും പല എതിർപ്പുകളും പരിഹാസങ്ങളും മേനോന് നേരിടേണ്ടി വന്നെങ്കിലും അത് വക വയ്ക്കാതെ പത്തു മാസത്തിനകം കാർ പൂർത്തിയാക്കി രാജാവിന് സമർപ്പിച്ചു.അരവിന്ദ് പാലസ് സ്പെഷ്യൽ (Aravind Palace Special) എന്നായിരുന്നു ആ കാറിന്റെ പേര്. രാജാവിന് വളരെ യധികം ഇഷ്ടമാവുകയും അദ്ദേഹം വളരെ കാലം അത് ഉപയോഗിക്കുകയും ചെയ്തു.
വ്യവസായികാടിസ്ഥാനത്തിൽ കാറുകൾ നിർമ്മിക്കണം എന്ന ആഗ്രഹത്തോടെ ബാലകൃഷ്ണ മേനോൻ മോഡൽ 3 എന്ന പേരിൽ ഒരു കാർ നിർമിച്ചു.1966 ഫെബ്രുവരി യിൽ മോഡൽ 3 എന്നറിയപ്പെടുന്ന ഈ മോഡൽ പുറത്തിറങ്ങി..ഇന്ത്യ ഗവണ്മെന്റ് ഇന്ത്യയിൽ വാഹനങ്ങൾ നിർമ്മിക്കുന്നതിനു വേണ്ടിയുള്ള ടെൻഡറുകൾ വിവിധ കമ്പനികളിൽ നിന്നും ക്ഷണിച്ചിരുന്ന കാലമായിരുന്നു അത്. വ്യവസായികടിസ്ഥാനത്തിൽ കാറുകൾ നിർമ്മിക്കുന്നതിനു വേണ്ടി മേനോനും ടെൻഡർ കൊടുത്തിരുന്നു. എന്നാൽ പല വലിയ കമ്പനി കളുടെയും ഉദയത്തിന്റെ കാലമായത് കൊണ്ട് തന്നെ കേന്ദ്ര ഗവണ്മെന്റ് ഇത്തരം കമ്പനികൾക്ക് യാതൊരുരു പ്രോത്സാഹനവും നൽകിയിരുന്നില്ല. അല്ലെങ്കിൽ ഇന്നുള്ള പല വമ്പൻ കമ്പനികൾ പോലെ അറിയപ്പെടാൻ ഇടയുള്ള കമ്പനി ആയിരുന്നു അരവിന്ദ് മോട്ടോർസും.
1966ൽ നിർമ്മിച്ച മോഡൽ 3 എന്ന കാർ അദ്ദേഹത്തിന്റെ കൊച്ചു മകനായ രതീഷ് മേനോന്റെ പക്കൽ ഇന്നും ഉണ്ട്.അദ്ദേഹം ഇപ്പോൾ അരവിന്ദ് ഓട്ടോമൊബൈൽസ് തിരിച്ചു കൊണ്ട് വരുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. പുതിയ ലോഗോ വരെ അദ്ദേഹം ഡിസൈൻ ചെയ്തു കഴിഞ്ഞു. ഭാവിയിൽ ഇലക്ട്രിക് കാറുകളായിരിക്കും നിർമ്മിക്കുക എന്നദ്ദേഹം പറയുന്നു.തന്റെ മുത്തച്ഛന്റെ സ്വപ്നം യാഥാർഥ്യ മാക്കുക എന്ന ലക്ഷ്യവും രതീഷ് മേനോന്റെ മുൻപിലുണ്ട്. ഭാവിയിൽ ഓരോ മലയാളികൾ ക്കും അഭിമാനിക്കാവുന്ന ഒരു കാർ നിർമ്മാണ കമ്പനി ആയി അരവിന്ദ് മോട്ടോർസ് മാറും എന്നു നമുക്ക് പ്രത്യാശിക്കാം.