പരിപ്പനങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന പരപ്പനാട് കോവിലകം കേരള ചരിത്രത്തിൽ അധികം അറിയപ്പെടാതെ എന്നാൽ സ്വാതി തിരുന്നാൾ മഹാരാജാവ്, ‘കേരള കാളിദാസൻ’ എന്നറിയപ്പെടുന്ന കേരളവർമ്മ വലിയ കോയി തമ്പുരാൻ,’കേരള പാണിനി’എന്നറിയപ്പെടുന്ന എ ആർ രാജ രാജ വർമ്മ ചിത്രകാരനായ രാജ രവി വർമ്മ, വെളുത്തമ്പി ദളവ എന്നിവരുമായി അഭേദ്യ മായ ബന്ധം.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, വള്ളിക്കുന്നു, തേഞ്ഞിപ്പലം, ചെലേമ്പ്ര കോഴിക്കോട് ജില്ലയിലെ കടലുണ്ടി, ബേപ്പൂർ, ചെറുവണ്ണൂർ എന്നീ പ്രദേശങ്ങളെല്ലാം ഉള്ളപ്പെട്ടിരുന്ന ഒരു നാട്ടുരാജ്യമായിരുന്നു പരപ്പനാട്.
വള്ളിക്കുന്നിലെ ഇപ്പോഴത്തെ നിറൻകൈത കോട്ട ആയിരുന്നു പരപ്പനാട് കോവിലകത്തിന്റെ ആസ്ഥാനം. എന്നാൽ ഇവിടെ ദേവി സാന്നിധ്യം ഉണ്ടെന്ന കാരണത്താൽ അവിടം ആരാധനക്കായി മാറ്റിവയ്ക്കുകയും നെടുവയിൽ പുതിയ കോവിലകം നിർമ്മിക്കുകയുമാണുണ്ടായത്. വംശത്തിലെ അംഗ സംഖ്യ വർധിച്ചതോടെ വിവിധ തവഴികൾക്ക് വേണ്ടി പ്രത്യേകം കോവിലകങ്ങൾ നിർമിച്ചു.കർത്തനാട് കോവിലകം, കരിപ്പ കോവിലകം, തട്ടാരി കോവിലകം എന്നിവയാണവ.
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ഭരണ വ്യവസ്ഥ ആയിരുന്നു പരപ്പനാട് കോവിലകത്തും നിലനിന്നിരുന്നത്.വള്ളിക്കുന്നിലെ തേക്കിൽ ശിവ ക്ഷേത്രം, കടലുണ്ടിയിലെ മണ്ണൂർ ശിവക്ഷേത്രം, ചേളാരിക്കടുത്തുള്ള പാപ്പന്നൂർ ശിവക്ഷേത്രം, ചെലേമ്പ്രയിലെ എളന്നുമ്മൽ ശിവക്ഷേത്രം, കാക്കഞ്ചേരിക്കടുത്തുള്ള വെണ്ണായൂർ ക്ഷേത്രം എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഭരണം. ‘പപ്പു കോവിൽ’ എന്നാണ് ബ്രിട്ടീഷ് രേഖകളിൽ പലയിടത്തും പരപ്പനാട് രാജ്യം അറിയപ്പെടുന്നത്.
1425 ൽ തെക്കൻ പരപ്പനാട് വടക്കൻ പരപ്പനാട് എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. നെടുവ ആസ്ഥാന മായുള്ള തെക്കൻ പരപ്പനാടിലാണ് പരപ്പനങ്ങാടി, വള്ളിക്കുന്നു, ചെലേമ്പ്ര, തേഞ്ഞിപ്പലം, കടലുണ്ടി എന്നീ പ്രദേശങ്ങൾ ഉള്ളപ്പെട്ടിരുന്നത്. വടക്കൻ പരപ്പനാട് ബേപ്പൂരുള്ള കരിപ്പ കോവിലകം ആസ്ഥാനമായും.
താവഴികൾ തമ്മിൽ യോജിപ്പില്ലായ്മയും, ക്ഷേത്രങ്ങളുടെ അവകാശങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളും കാരണം ഭരണം നിർവ്വഹണം സാധ്യമായിരുന്നില്ല. അവസാനം ക്ഷേത്രങ്ങൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി യെ ഏൽപ്പിക്കേണ്ടി വന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണം വർഷങ്ങളോളം നടത്തി പോന്നു. അതിനു ശേഷം ബ്രിട്ടീഷ് രാജ്ഞ്ഞി ഏറ്റെടുക്കുകയും ചെയ്തതോടെ ക്ഷേത്രങ്ങളുടെ ചുമതല സമൂതിരിക്കു നൽകി. പരപ്പനാട് വംശത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന പല ക്ഷേത്രങ്ങളുടെയും ഉടമസ്ഥാവകാശം സമൂതിരിയുടെ കൈ വശമായത് ഇങ്ങനെ യാണ്.
പെട്ടെന്ന് വേരറ്റ് പോയ രാജാവംശമാണ് പരപ്പനാട്. മൈസൂർ ഭരണാധികാരികളുടെ വരവാണ് പ്രധാന കാരണമായത്. മൈസൂർ പടയോട്ടകാലത്തു നെടുവയിൽ ഉണ്ടായിരുന്ന കോവിലകത്തിലെയും വള്ളിക്കുന്നിലെ തട്ടാരി കോവിലകത്തിലെയും വടക്കൻ പരപ്പനാടിലെയും അംഗങ്ങങ്ങളിൽ പലരും തിരുവിതാംകൂറിലേക്ക് ചേക്കേറി. ചങ്ങാനാശ്ശേരിയിലെ വീരാഴി കോവിലകത്തായിരുന്നു അന്നത്തെ തിരുവിതാംകുർ മഹാരാജാവ് കാർത്തിക തിരുന്നാൾ രാമവർമ്മ പരപ്പനട്ടുകാർക്ക് അഭയം നൽകിയത്.
തിരുവിതാംകുർ രാജവംശത്തിൽ അംഗസംഖ്യ കുറവായിരുന്നതിനാൽ പരപ്പനാട് നിന്നെത്തിയവരിൽ നിന്നു തിരുവിതാംകുർ കാർ വിവാഹം ചെയ്യാൻ തുടങ്ങി. പരപ്പനാട് നിന്നെത്തിയവരിൽ ഒരു ഗർഭിണിയും ഉണ്ടായിരുന്നു. അവർ പ്രസവിച്ച കുഞ്ഞാണ് രാജ രാജ വർമ്മ. ഈ രാജ രാജ വർമ്മയെ തിരുവിതാം കുറിലെ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി വിവാഹം ചെയ്തു. അവരുടെ മകനാണ് തിരുവിതാംകുർ രാജാവായ സ്വാതി തിരുന്നാൾ.ലക്ഷ്മിഭായ് തമ്പുരാട്ടി പണികഴിപ്പിച്ച ചങ്ങനാശ്ശേരി യിലെ ലക്ഷ്മിപുരം കൊട്ടാരത്തിലേക്ക് രാജ രാജ വർമ്മയടക്കം പരപ്പനാട് നിന്നെത്തിയ ഒരു സംഘം താമസം മാറി. പിന്നീട് ലക്ഷ്മി പുരം കൊട്ടാരത്തിലെ ഒരു ശാഖ ഹരിപ്പാട് കൊട്ടാരത്തിലേക്കും താമസം മാറി. മറ്റുള്ളവർ ലക്ഷ്മി പുരത്തു തന്നെ തുടരുകയും ചെയ്തു. അങ്ങനെ തുടർന്നവരുടെ ശാഖയിലാണ് കേരള കാളിദാസനും, കേരള പാണിനി യുമെല്ലാം ജനിച്ചത്. വള്ളിക്കുന്നിലെ തട്ടായി കോവിലകത്തുള്ളവർ ഭൂരിഭാഗവും കിളിമാനൂർ കൊട്ടാരത്തിലാണ് താമസമുറപ്പിച്ചത്. ഈ ശാഖയിൽ പെട്ടയാളാണ് പ്രശസ്ത ചിത്രകാരനായ രാജ രവി വർമ്മ. വെളുത്തമ്പി ദളവ, പഴശ്ശി രാജ തുടങ്ങിയവർക്കും തട്ടായി കോവിലകവുമായി ബന്ധമുണ്ട്.
മൈസൂർ ഭരണാധികാരി ആയിരുന്ന ടിപ്പു സുൽത്താൻ, ബ്രിട്ടീഷ് ഭരണാധികാരികൾ, സമൂതിരി രാജാവ് എന്നിവർ ചേർന്നെടുത്ത തീരുമാന പ്രകാരം 1792 ൽ പരപ്പനാട് രാജ്യം വീരരാജ വർമ്മയ്ക്ക് ചാർത്തി കൊടുത്തു.കാലത്തിന്റെ പരിണാമത്തിൽ മറ്റു ചില നാട്ടു രാജ്യങ്ങൾക്ക് സംഭവിച്ചത് സംഭവിച്ചത് പോലെ പരപ്പനാട് രാജ്യ വശവും ക്രമേണ ഇല്ലാണ്ടായി.
ഇപ്പോൾ ഈ കോവിലകം പരപ്പനാട് വംശത്തിന്റെ കൈവശം അല്ലെന്നാണ് അറിയാൻ സാധിച്ചത്. കോവിലകം നൽകിയ ഭൂമിയിൽ പരപ്പനങ്ങാടി എഡ്യൂക്കേഷൻ സൊസൈറ്റി നടത്തുന്ന പരപ്പനാട് കോവിലകം ഹയർ സെക്കന്ററി സ്കൂൾ മാത്രമാണ് കോവിലകത്തിന്റെ പേരിൽ അറിയപ്പെടുന്നത്.പരപ്പനാട് രാജ്യ വംശവുമായി ബന്ധപ്പെട്ട ചില ചരിത്ര ശേഷിപ്പുകൾ ഇപ്പോഴും നെടുവയിൽ ഉണ്ട്. വീരരായൻ പഴയ തെരു ഗണപതി ക്ഷേത്രം, നെടുവ പിഷാരിക്കൽ മൂകാംബിക ക്ഷേത്രം എന്നിവയാണവ.
കേരള ചരിത്രത്തിൽ വളരെ പ്രാധാന്യത്തോടെ ഓർക്കേണ്ട ഒരു രാജ വശം തന്നെ ആയിരുന്നു പരപ്പനാട്.നമുക്കെല്ലാവർക്കു മറിയാവുന്ന തിരുവിതാംകൂർ രാജ വംശവുമായി അടുത്ത ബന്ധമുണ്ടായിട്ടും ഈ രാജ വംശം വിസ്‌മൃതിയിൽ ആയതെങ്ങനെ?. ഇന്ന് പരപ്പനാട് കോവിലകം പരിസര പ്രദേശത്തുള്ളവർക്ക് പോലും അറിയാത്തവിധം മാഞ്ഞു പോയതെങ്ങനെ?. ചരിത്രന്വേഷിക്കൾക്കും ചരിത്രം പഠിക്കുന്ന നമ്മുടെ വിദ്യാർത്ഥികൾക്കും പുസ്തകങ്ങളിലും ഇന്റർനെറ്റിലും മാത്രം നോക്കി ചരിത്രം പഠിക്കേണ്ട അവസ്ഥ വരാതിരിക്കണമെങ്കിൽ ഇത്തരം ചരിത്ര നിർമ്മിതികൾ സംരക്ഷിക്ക പ്പെടേണ്ടത് അത്യാവശ്യമല്ലേ?