നമ്മുടെ രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് ആയി തിരഞ്ഞെടുത്ത കടലുണ്ടിക്കടുത്താണ് കടലുണ്ടികടവ് അഴിമുഖം സ്ഥിതി ചെയ്യുന്നത്. നൂറുകണക്കിന് വിനോദ സഞ്ചാരികൾ വരുന്ന ഇവിടം അലക്ഷ്യമായി കിടക്കുന്ന മാലിന്യങ്ങളാലും അനധികൃത കച്ചവട സ്ഥാപനങ്ങളാലും വീർപ്പു മുട്ടിയിരിക്കുകയാണ്. ഇവിടെ നിന്നും ഏതാനും കിലോമിറ്ററുകൾ മാത്രമുള്ള ചാലിയം ബീച്ച് ടൈലുകൾ വിരിച്, ഇരിപ്പിടങ്ങൾ ഒരുക്കി എല്ലാം വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു. എന്നാൽ ഏതാണ്ട് ചാലിയം ബീച്ചിലെ പോലെ തന്നെ ജനങ്ങൾ എത്തുന്നയിടം പലവിധ അസൗകര്യങ്ങളാൽ ഇന്നും നില നിൽക്കുന്നു.
ലോകപ്രശസ്തമായ വള്ളിക്കുന്നു -കടലുണ്ടി ഇക്കോ ടൂറിസ്റ്റ് കേന്ദ്രം, പക്ഷി സങ്കേതം എന്നിവയ്‌ക്കെല്ലാം വളരെ അടുത്തായിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തുന്നതിനേക്കാൾ കൂടുതൽ ജനം എത്തുന്ന ഇടം കൂടിയാണ് കടലുണ്ടി കടവ് അഴിമുഖ പരിസരം. എന്നിരുന്നാലും സഞ്ചാരികൾക്ക് ആവശ്യമായ യാതൊരു അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെ ലഭ്യമല്ല.ഒരു ടോയ്ലറ്റ് സൗകര്യം പോലും ഇവിടെ ഇന്നും അപ്രാപ്യമാണ്.
സഞ്ചാരികൾക്കായ് തുറന്നു വച്ചിരിക്കുന്ന ഏതാനും ചില കടകൾ മാത്രമാണ് ഇവിടെയുള്ളത്. അതിൽ തന്നെ പല കടകളും അനധികൃതമായും വൃത്തിഹീന മായ സാഹചര്യത്തിൽ എല്ലാം പ്രവർത്തിക്കുന്നവയാണ്. ഈ കടകളിൽ നിന്നുള്ള പ്ലാസ്റ്റിക് കവറുകൾ, ബോട്ടിലുകൾ പേപ്പർ പ്ലേറ്റുകൾ എന്നിവയെല്ലാം അലക്ഷ്യമായി കിടക്കുന്നത് കാണാവുന്നതാണ്.
ഇവിടെ വരുന്ന സഞ്ചാരികൾക്ക് ഒരു ഇരിപ്പിടം പോലും ഒരുക്കിയിട്ടില്ല. ഈ പ്രദേശത്തോട് ചേർന്നു കിടക്കുന്ന സ്വകാര്യ ഭൂമിയിൽ റെസ്റ്റോറന്റിന്റെയും മറ്റും പണികൾ നടന്നിരുന്നെങ്കിലും ഇന്ന് പണികളെല്ലാം പാതി വഴിയിൽ നിലച്ചിരിക്കുകയാണ്.ഭൂരിഭാഗം സഞ്ചാരികളും കടലിനോട് ചേർന്നു കിടക്കുന്ന പാറപ്പുറങ്ങളിലായാണ് ഇരിക്കാറ്. ഇത് ചിലപ്പോൾ അപകടങ്ങൾ ക്ഷണിച്ചു വരുത്താറുമുണ്ട്.
അവധി ദിവസങ്ങളിൽ ഇവിടെ എത്തുന്ന ജനങ്ങളുടെ ബഹുല്യം മൂലവും വാഹനങ്ങൾ റോഡിന്റെ ഇരു വശങ്ങളിലും പാർക്ക് ചെയ്യുന്നത് കൊണ്ടുമെല്ലാം ട്രാഫിക് ബ്ലോക്കുകൾ നിത്യ സംഭവമാണിവിടെ. ഇത്രയും ജനങ്ങൾ ഒഴിവു സമയം ആനന്ദകരമാക്കാൻ എത്തുന്ന ഈ പ്രദേശം എന്തുകൊണ്ടാണിങ്ങനെ വേണ്ടപ്പെട്ട അധികാരികളുടെ കണ്ണെത്താതെ അസൗകര്യങ്ങളാലും, മലന്യങ്ങളാലും വീർപ്പുമുട്ടിയിരിക്കുന്നത്?