വേനലിന്റെ കാഠിന്യം ഏറിയാലും ഒരു കുപ്പി വെള്ളം നമ്മുടെ കൈയിൽ കരുതാതെ പുറത്തു നിന്നും ബോട്ടിലുകൾ വാങ്ങി കുടിക്കാറ് ഇന്നത്തെ സ്ഥിരം കാഴ്ചയാണ് . ‘മിനറൽ വാട്ടർ ആണല്ലോ അപ്പോൾ ധൈര്യമായി കുടിക്കാം’ എന്നാണ് ഓരോ ആളുകളും ചിന്തിക്കുന്നത് .എന്നാൽ പ്ലാസ്റ്റിക് കുപ്പികളിൽ ലഭ്യമാകുന്ന ഇത്തരം വെള്ളം എത്രത്തോളം നമ്മുടെ ആരോഗ്യത്തിന് നല്ലതാണെന്ന് ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ?.. നിത്യ ജീവിതത്തിൽ നിന്നും പ്ലാസ്റ്റിക് സാധനങ്ങൾ ഒഴിവാക്കി സ്റ്റീലിലേക്കും, മൺ പാത്രങ്ങളിലേക്കും നാം കടന്നെങ്കിലും കുടിവെള്ളം ശേഖരിച്ചു
വെക്കുന്ന ഇത്തരം പ്ലാസ്റ്റിക് കുപ്പികളെക്കുറിച്ചും അതിലെ വെള്ളത്തെ കുറിച്ചും ഒരിക്കൽ പോലും ബോധവാന്മാർ ആകാറില്ല .
ശരാശരി ഒരു ലിറ്റർ വെള്ളം സൂക്ഷിക്കാവുന്ന പ്ലാസ്റ്റിക് കുപ്പിയിൽ രണ്ട് ലക്ഷത്തി നാൽപതിനായിരത്തോളം പ്ലാസ്റ്റിക് കണങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് നാഷണൽ അക്കാദമി ഓഫ് സയൻസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്.ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന പ്ലാസ്റ്റിക് കണങ്ങളാണ് ഇവയൊക്കെ.ഒരു മൈക്രോമീറ്ററിൽ താഴെ നീളമുള്ള
അല്ലെങ്കിൽ മനുഷ്യ മുടിനാരിഴയുടെ എഴുപതിലൊന്ന് വലിപ്പം മാത്രമുള്ള പ്ലാസ്റ്റിക് കണങ്ങൾ ആയ നാനോപ്ലാസ്റ്റിക്കുകൾ മൈക്രോപ്ലാസ്റ്റിക്കുകളേക്കാൾ വളരെ അപകടകാരികൾ ആണ് .മനുഷ്യ കോശങ്ങളിൽ എത്തിച്ചേരുന്ന ഈ കണങ്ങൾ അതി വേഗം രക്തത്തിൽ ലയിച്ചുചേരുകയും ശരീരത്തിലെ മറ്റു അവയവങ്ങളെ സ്വാധീനിക്കാനും പര്യാപ്തമാണ്. അമ്മയിലൂടെ പ്ലാസെന്റ
വഴി ഗർഭസ്ഥ ശിശുവിലേക്ക് എത്തിച്ചേരുന്ന ഇവ കുഞ്ഞിന്റെ ജനിതക വൈകല്യങ്ങൾക്ക് പോലും കാരണമായേക്കാം.
കുപ്പി വെള്ളത്തിൽ ഇവയുടെ സാന്നിധ്യം പണ്ടേ ശാസ്ത്രജ്ഞർ സംശയിച്ചിരുന്നെങ്കിലും ഓരോ നാനോകണികകളേയും വേർതിരിച്ചറിയാനുള്ള സാങ്കേതിക വിദ്യയുടെ അഭാവമായിരുന്നു അവർ
അന്ന് നേരിട്ടിരുന്ന പ്രധാന വെല്ലുവിളി. അത് മറികടക്കാൻ വേണ്ടി ഒരു മൈക്രോസ്കോപ്പി ടെക്‌നിക് കണ്ടു പിടിക്കുകയും അതിലൂടെ യുഎസിലെ മൂന്ന് ജനപ്രിയ ബ്രാൻഡുകളിൽ നിന്ന് വാങ്ങിയ ഏകദേശം 251 ലിറ്റർ കുപ്പി വെള്ളത്തിൽ പഠനം നടത്തുകയും ചെയ്തു.അതിലൂടെ ഓരോ
ലിറ്ററിലും 110,000 മുതൽ 370,000 വരെ ചെറിയ പ്ലാസ്റ്റിക് കണങ്ങൾകണ്ടെത്തി,അതിൽ 90% നാനോപ്ലാസ്റ്റിക് ആണ്.വെള്ളം നിറക്കാൻ ഉപയോഗിക്കുന്ന കുപ്പികൾ,പൈപ്പുകൾ,ടാപ്പുകൾ എന്നിവയിൽ നിന്നൊക്കെ പ്ലാസ്റ്റിക് അംശങ്ങൾ വെള്ളത്തിൽ എത്തിച്ചേരുന്നുണ്ടെന്ന് പഠനം
ചൂണ്ടിക്കാട്ടുന്നു.
പ്ലാസ്റ്റിക് കുപ്പികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളിഎത്തിലീൻ,ടെറഫ്താലേറ്റ്, അതുപോലെ വെള്ളം ശുദ്ധീകരിക്കാൻ ഫിൽട്ടറുകളിൽ ഉപയോഗിക്കുന്ന പോളിമൈഡ് എന്നിവയുൾപ്പെടെ
സാദാരണയായി കണ്ടു വരാറുള്ള ഏഴ് പ്ലാസ്റ്റിക് ഇനങ്ങൾ ആണ് ഗവേഷകർ പഠനത്തിനായി ലക്ഷ്യമിട്ടത്.എന്നാൽ തിരിച്ചറിയപ്പെടാത്ത പല നാനോകണങ്ങളും അവർ വെള്ളത്തിൽ കണ്ടെത്തി. ദിവസേന വർധിച്ചുവരുന്ന ബോട്ടിലുകളുടെ എണ്ണവും ഉപയോഗവും പരിസ്ഥിതി മലിനീകരണത്തിനോടൊപ്പം മനുഷ്യന്റെ ആരോഗ്യത്തിനുപോലും വലിയൊരു വെല്ലുവിളി ഉയർത്തുകയാണ് .ഭാവിയിൽ ഇവ എത്രത്തോളം നമ്മുടെ ജീവനും മണ്ണിനും ഹാനികരമാകുമെന്ന് നാം തിരിച്ചറിഞ്ഞേ മതിയാകൂ…