രക്തശാലി അരി (Red Rice)
പണ്ട് കാലത്ത് കേരളത്തിലെ രാജവംശങ്ങൾക്കായ് വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ കൃഷി ചെയ്തിരുന്നതായി പറയപ്പെടുന്ന നെൽ വിത്തിനമാണ് ചുവന്ന അരി എന്നറിയപ്പെടുന്ന രക്‌തശാലി അരി. പോഷക സമൃധവും രുചികരവുമാണ് ഈ അരി. എന്നാൽ ഇന്ന് വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇവ കൃഷി ചെയ്യപ്പെടുന്നുള്ളു.
ചുവന്ന നെല്ല് കുടുംബത്തിലെ അപൂർവ്വവും അമൂല്യവുമായ ഇനങ്ങളിൽ ഒന്നാണ് രക്‌തശാലി അരി.ആയുർവേദ വൈദ്യ ശാസ്ത്രത്തെ കുറിച്ചുള്ള ഏറ്റവും പഴയ ഗ്രന്ഥമായ ചരക സംഹിതയിൽ രക്‌തശാലി അരിയുടെ രോഗ ശാന്തി ഗുണങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ‘ഭക്ഷണമാണ് മരുന്ന്, അടുക്കളയാണ് ആശുപത്രി, അമ്മയാണ് ഡോക്ടർ ‘ എന്നാണല്ലോ പറയാറ്. എന്നാൽ ഇന്നു നാം കഴിക്കുന്ന ഭക്ഷണങ്ങൾ പലതും വിഷമയമാണ്. അത് കൊണ്ട് തന്നെ രക്‌തശാലി അരിയെ പോലുള്ളവ നമുക്ക് വ്യാപകമായി കൃഷി ചെയ്യേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു.
രക്തശാലി അരിയുടെ ഗുണങ്ങൾ
• രക്‌തശാലി അരിയിലെ ചില ഘടകങ്ങൾ കാൻസർ, അനീമിയ, പ്രമേഹം എന്നിവയ്ക്കുള്ള സാദ്ധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
• ഈ അരിയിൽ ഇരുമ്പ്, കൽസ്യം എന്നിവ വലിയ തോതിൽ അടങ്ങിയിരിക്കുന്നു.
• അരിയിലെ പോഷകാംശം പ്രതിരോധ ശേഷി, സ്റ്റാമിന എന്നിവ വർധിപ്പിക്കുന്നതിനു സഹായിക്കുന്നു.
• പേശി സംബന്ധമായ അസുഖങ്ങൾ, മുട്ട് വേദന ക്ഷീണം, വിളർച്ച എന്നിവയിൽ നിന്നെല്ലാം നമ്മുടെ ശരീരത്തെ സംരക്ഷിച്ചു നിർത്തുന്നു.
• ഇത് മെറ്റബൊളീസത്തെ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുകയും ചെയ്യുന്നു.
• ചർമ്മ സംരക്ഷണത്തിനും ചെറുപ്പം നിലനിർത്തുന്നതിനും ഈ അരി വളരെ പ്രയോജനകരമാണ്.
• സ്ത്രീകൾക്കുണ്ടാവുന്ന വിളർച്ച മാറുന്നതിനും അത് പോലെ മുലപ്പാൽ വർധനവിനും ഈ അരി സഹായകരമാണ്.
കറുത്ത അരി (Black Rice)
ഈ അരി കൂടുതലായി കൃഷി ചെയ്യുന്നത് ചൈനയിലാണ്. കൂടാതെ ജപ്പാൻ, സൗത്ത് കൊറിയ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലും ഇന്ത്യയിലെ കിഴക്കൻ സംസ്ഥാനങ്ങളിലും കൃഷി ചെയ്യുന്നുണ്ട്.
ഒരു കാലത്ത് വരേണ്യ വർഗ്ഗത്തിന് മാത്രം അനുവദിക്കപ്പെട്ടിട്ടുള്ള അരി ആയിരുന്നു ഇത്. സാധാരണക്കാർ ഈ അരി കഴിക്കുന്നത് വലിയ നിയമ ലാംഘനമായി കണക്കാക്കിയിരുന്നു. പിന്നീട് ആ കാലഘട്ടത്തിനു ശേഷം കറുത്ത അരി അന്യം നിന്നു പോകുന്ന അവസ്ഥ ഉണ്ടായി. ഇതിന്റെ പോഷകമൂല്യം മനസ്സിലാക്കിയ ശേഷം വീണ്ടും ഈ അരിയുടെ ഉത്പാദനം ആരംഭിച്ചു. ഇന്നുള്ള അരികളിൽ ഏറ്റവും വില കൂടിയ അരിയാണിത്. ഇന്ത്യയിൽ ആസ്സാം, മണിപ്പൂർ, ബംഗാൾ, തമിഴ് നാട് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നു.ആമസോൺ പോലുള്ള പല ഓൺലൈൻ സ്റ്റോറു കളിലും ഇത് ലഭ്യമാണ്. കൂടാതെ പ്രമുഖ സൂപ്പർ മാർക്കറ്റുകളിൽ നിന്നും ഇത് വാങ്ങിക്കാവുന്നതാണ്.
കറുത്ത അരിയുടെ ഗുണങ്ങൾ
•ഉയർന്ന തോതിൽ ആന്റി ഓക്സിഡന്റ്റുകൾ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.
• യൗവ്വനം നില നിർത്താൻ സഹായിക്കുന്നു.
• പ്രമേഹ രോഗികൾക്കുള്ള ഉത്തമ ഭക്ഷണമാണ് കറുത്ത അരി
• ഈ അരി സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് പൊണ്ണത്തടി ഉണ്ടാവില്ല
• കാഴ്ച ശക്തി വർധിപ്പിക്കുവാൻ സഹായിക്കുന്നു
• കൂടാതെ രക്തയോട്ടം വർധിപ്പിക്കുന്നതിനും രക്തത്തിന്റെ അളവ് കൂട്ടുന്നതിനും വളരെയധികം സഹായിക്കുന്നു.