പലരും സംരംഭകത്വം എന്ന മേഖലയിലേക്ക് കടക്കുന്നത് പല കാരണങ്ങൾ കൊണ്ടാകാം: ചിലർ കുടുംബപരമായി ആ മേഖലയിൽ ആയതുകൊണ്ട്, ചിലർ തന്റെ പഠനത്തിന്റെ ബാക്കിപത്രമായി, ചിലർ സ്വയം തീരുമാനമെടുത്തു, മറ്റുചിലർ ആകസ്മികമായി. അവസാനം പറഞ്ഞ രീതിയിൽ വ്യത്യസ്തമായൊരു സംരംഭത്തിലൂടെ വിജയക്കൊടി പാറിച്ച ഒരു വ്യക്തിയുടെ കഥയാണ് ഇവിടെ വിവരിക്കുന്നത്. അദ്ദേഹത്തിന്റെ പേര് സജീഷ്. കോടികൾ വിറ്റുവരവുള്ള കെവി സർജിക്കൽ ഇൻസ്ട്രുമെന്സ് ആൻഡ് റീസേർച്ച് സെന്റർ എന്ന സ്ഥാപനത്തിന്റെ ഉടമ.
കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മൂത്ത സന്താനമാണ് സജീഷ്. അദ്ദേഹം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയാണ്. പത്താം ക്ലാസ്സിലെ തോൽവിയോടെയാണ് അദ്ദേഹത്തിന്റെ കഥ തുടങ്ങുന്നത്. പത്താം ക്ലാസ്സ് തോറ്റതോടെ ഇനി പഠിക്കാൻ വിട്ടിട്ട് കാര്യമില്ല എന്ന ബോധത്തിൽ സജീഷിന്റെ മാതാപിതാക്കൾ അദ്ദേഹത്തെ ജോലി ആവശ്യാർത്ഥo 16ആം വയസിൽ ബാംഗ്ലൂരിലേക്ക് അയക്കുകയുണ്ടായി.
ബാംഗ്ലൂരിലെത്തിയ സജീഷ് അവിടെ വെച്ചു മലയാളിയായ ഒരു ബിസിനസുകാരനെ പരിചയപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ സർജിക്കൽ ഇൻസ്ട്രുമെന്സ് നിർമ്മിക്കുന്ന കമ്പനിയിൽ പ്രൊഡക്ടുകൾ കഴുകുകയും പാക്ക് ചെയ്യുകയും ചെയ്യുന്ന ജോലി ലഭിച്ചു.
സജീഷിന് ഒരു ശീലം ഉണ്ടായിരുന്നു. അദ്ദേഹം തന്റെ ജോലികൾ വേഗത്തിൽ പൂർത്തിയാക്കി ഇൻസ്ട്രുമെന്സ് നിർമ്മിക്കുന്ന ഭാഗത്ത് പോയി വീക്ഷിക്കുക പതിവായിരുന്നു. ഒരു നാൾ സ്ഥാപനത്തിന്റെ ഉടമ ഇത് കാണാനിടയായി. സജീഷിന്റെ ഈ താല്പര്യം മനസ്‌ഡിലാക്കിയ അദ്ദേഹം സർജിക്കൽ ഇൻസ്ട്രുമെന്സ് നിർമ്മിക്കുന്നത് കാണാനുള്ള അനുവാദം നൽകി. പിന്നീട് അവ കണ്ടും നിർമാണ തൊഴിലാളികളെ സഹായിച്ചും സജീഷ് പതിയെ അത് പഠിചെടുക്കാൻ തുടങ്ങി. മൂന്നു വർഷം കഴിഞ്ഞപ്പോഴേക്കും സർജിക്കൽ ഇൻസ്ട്രുമെന്സ് നിർമ്മാണത്തിൽ അദ്ദേഹം ആഗ്രകണ്യനായി. അങ്ങനെ മുപ്പതോളം ജീവനക്കാർ ജോലി ചെയ്യുന്ന ആ കമ്പനിയിൽ പ്രധാനപ്പെട്ട ഇന്ററുമെന്സ് നിർമ്മിക്കുന്ന അവസരത്തിലൊക്കെ കമ്പനി സജീഷിനെ അത് ഏൽപ്പിക്കുന്ന സ്ഥിതിവിശേഷമൊക്കെ ഉണ്ടായി. നിർമ്മാണം മാത്രമല്ല പിന്നീട് ഇൻസ്ട്രുമെൻസിന്റെ ഡിസൈനിങ്ഉം കമ്പനി സജീഷിന്റെ കൊണ്ട് ചെയ്യിക്കാൻ ആരംഭിച്ചു.
ആയിടക്കാണ് പ്രശസ്തനായ പത്മശ്രീ അവാർഡ് ജേതാവ് ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ സർജിക്കൽ ഇൻസ്ട്രുമെന്സ് റീഡി സൈനിങ്ങിനുള്ള ഓർഡർ കമ്പനിക്ക് ലഭിച്ചത്. സജീഷ് ഡോക്ടറിന്റെ നിർദ്ദേശത്തിൽ പ്രൊഡക്ടുകൾ നിർമ്മിക്കുകയുണ്ടായി. അങ്ങനെ നിർമ്മിച്ച ഉപകരണങ്ങൾ ഉപയോഗിച്ച ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം സങ്കീർണമായ ഒരു സർജറി നടത്തുകയും ആ ഉപകരണങ്ങളിൽ അദ്ദേഹത്തിന് പൂർണ തൃപ്തി ഉണ്ടാവുകയും ചെയ്തു. പല കോണ്ഫറന്സുകളിലും അദ്ദേഹം ഈ പ്രൊഡക്ടുകൾ പരിചയപ്പെടുത്തുകയും അതു വഴി കമ്പനിക്ക് ഒരുപാട് ഓർഡറുകൾ ലഭിക്കുകയും ചെയ്തു. എന്നാൽ അർഹിച്ച അംഗീകാരം സജീഷിനു ഉണ്ടായില്ല.
ഇതിനിടക്ക് സജീഷിന്റെ അച്ഛൻ ഒരുപകടത്തിൽ പെടുകയും ചികിത്സയും മറ്റു കാര്യങ്ങളാലും വലിയ കടബാധ്യതയിലേക്ക് തള്ളപ്പെടുകയും ചെയ്തത്. ആ ഒരു അവസ്ഥയിൽ അവർ വീടും സ്ഥലവും വിൽക്കാൻ നിര്ബന്ധിതരാവുകയും കട ബാധ്യതകൾ വീട്ടി ഒരു വാടക വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.
അങ്ങനെയിരിക്കെ കൂനിൻമേൽ കുരു എന്നു പറയുന്ന പോലെ സജീഷിനും ഒരു അപകടമുണ്ടാവുകയും ഒരു കൈക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ കൈ കൊണ്ട് ഭാരമുള്ള വസ്തുക്കൾ എടുത്തു പൊക്കാൻ പാടില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. സജീഷിന്റെ ഈ അവസ്ഥ അറിഞ്ഞ കമ്പനി ഉടമ പക്ഷെ പിന്നീട് കാര്യമായ ഒരു പരിഗണന സജീഷിനും നൽകിയില്ല. ഇത് അദ്ദേഹത്തിൽ വളരെയേറെ ദുഃഖം ഉണ്ടാക്കുകയും തുടർന്ന് 6 വർഷത്തെ തന്റെ ജോലി മതിയാക്കി അദ്ദേഹം ആ കമ്പനി വിട്ടു നാട്ടിലേക്ക് തിരിച്ചു.
എന്തു ചെയ്യണമെന്നറിയാതെ ജീവിതം വഴി മുട്ടി നിൽക്കുമ്പോഴാണ് സജീഷ് ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറത്തിനെ കാണാൻ തീരുമാനിക്കുന്നതും കാണുന്നതും.
വളരെ പാടുപ്പെട്ടാണെങ്കിലും അദ്ദേഹത്തെ കാണുകയും തന്റെ അവസ്ഥയും ഭാവിയെക്കുറിച്ച് ഉള്ള പ്ലാനുകളും എല്ലാം വിശദീകരിക്കുകയും ചെയ്തു. ഡോക്ടറുമായുള്ള കൂടിക്കാഴ്ച സജീഷിന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ വീട്ടിൽ തന്നെ ചെറിയൊരു സർജിക്കൽ ഇൻസ്ട്രുമെന്സ് ഉണ്ടാക്കുന്ന യൂണിറ്റ് ആരംഭിച്ചു. അങ്ങനെയാണ് കെവി സർജിക്കൽ ഇൻസ്ട്രുമെന്സ് ആൻഡ് റീസേർച്ച് സെന്റർ എന്ന കമ്പനിയുടെ ഉദയം.
ആദ്യത്തെ ഓർഡർ ഡോക്ടറുടെ തന്നെ ആയിരുന്നു. പിന്നീട് ഒരുപാട് ഓർഡറുകൾ അദ്ദേഹം വഴി ലഭിച്ചു. ഓർഡറുകൾ കൂടുന്നതിന് അനുസരിച്ച് കൂടുതൽ തൊഴിലാളികളെയും ആവശ്യമായി വന്നു. ഇന്ന് 40 പേർ അടങ്ങുന്ന ഒരു സ്ഥാപനമായി കെവി സർജിക്കൽ ഇൻസ്ട്രുമെന്സ് ആൻഡ് റീസേർച്ച് സെന്റർ മാറിക്കഴിഞ്ഞു. 1500ഓളം പ്രൊഡക്ടുകൾ ഇതിനോടകം നിർമ്മിച്ച ഈ സ്ഥാപനം ഏകദേശം 9കോടിയോളം രൂപയുടെ വിറ്റുവരവ് ഇതുവരെ നടത്തി.
വിദ്യാഭ്യാസമോ യോഗ്യതകളോ ഒന്നും ഒരു ബിസിനസുകാരൻ ആകാനോ അല്ലെങ്കിൽ ജീവിതത്തിൽ വിജയിക്കാനോ മാനദണ്ഡങ്ങൾ അല്ലെന്നും ഒരു കാര്യത്തോടുള്ള അഭിനിവേശവും മനക്കരുത്തും കഠിനാധ്വാനവും ആണ് വിജയത്തിനാധാരം എന്നു നമ്മോട് അടിവരയിട്ടു പറയുകയാണ് സജീഷിന്റെ ജീവിതം.