വള്ളിക്കുന്നിലേയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിനോദ കേന്ദ്രമായ കടലുണ്ടിക്കടവ് അഴിമുഖ പരിസരം പ്ലാസ്റ്റിക്കുകളും പേപ്പറുകളും തുടങ്ങിയ മലിന്യങ്ങളാൽ മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒഴിവു ദിവസങ്ങളിലും വൈകുന്നേരങ്ങളിലും നൂറു കണക്കിന് ആളുകൾ വരുന്നിടമാണിങ്ങനെ വൃത്തി ഹീനമായി കിടക്കുന്നത്.
പ്രദേശത്തെ കടകളിൽ നിന്നുള്ള കവറുകളും പ്ലാസ്റ്റിക് ബോട്ടിലുകളുമാണ് അലക്ഷ്യമായിങ്ങനെ വലിച്ചെറിയപ്പെട്ടിരിക്കുന്നത്. കൂടാതെ കടകളിൽ നിന്നുള്ള ഭക്ഷണ മാലിന്യങ്ങളും ഇവിടെ അലക്ഷ്യമായി കിടക്കുന്നത് കാണാം.കടകൾ നടത്തിപ്പുകാരുടെ ഭാഗത്തു നിന്നും യാതൊരു വിധ ശ്രദ്ധയും ഇവിടം വൃത്തിയോടെ സൂക്ഷിക്കുന്നതിനു വേണ്ടി അവർ കാണിക്കുന്നതായി കാണുന്നില്ല. ഫ്രീസറുകളും മറ്റും അലക്ഷ്യമായി വൃത്തി ഹീനമായ സാഹചര്യത്തിൽ കിടക്കുന്നത് കാണാം . നിരവധി തവണ പ്ലാസ്റ്റിക് കവറുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും കടകളിൽ പ്ലാസ്റ്റിക് കവറുകൾ സജീവമാണ്.
ഇതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു. പഞ്ചായത്ത് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അത് ഉപയോഗിക്കുന്നില്ല. മലയാളികൾ പൊതുവെ വൃത്തിയുടെ കാര്യത്തിൽ വളരെ മുന്നിലാണെങ്കിലും പൊതുയിടങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ വളരെ പിന്നിലാണ്.
വള്ളിക്കുന്നു, കടലുണ്ടി കമ്മ്യൂണിറ്റി റിസർവിൽ പ്പെടുന്ന ഈ പ്രദേശം അതീവ ജാഗ്രതയോടെ സംരക്ഷിച്ചു പോരേണ്ടതുണ്ട്. കാരണം വൈവിധ്യങ്ങളായ ദേശാടന പക്ഷികളും മറ്റു ജല ജീവികളു മെല്ലാം വസിക്കുന്ന ഇടമാണിവിടം. ഇത്തരം മാലിന്യങ്ങൾ അവയ്ക്ക് ഭീഷണിയാണ്. പഞ്ചായത്ത് ഇവിടം സംരക്ഷിക്കുന്നതിനായി അതീവ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. മോട്ടോർ ബോട്ടുകളും മറ്റും ഇവിടെ നിരോധിച്ചിട്ടുണ്ട്. പക്ഷെ മാലിന്യ നിർമ്മജ്ജനത്തിന് വേണ്ട കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കാൻ ശ്രദ്ധിക്കേണ്ട ജനങ്ങളുടെ ഭാഗത്തുനിന്നും അതിനു വേണ്ട യാതൊരു പ്രവർത്തികളും കാണുന്നുമില്ല. ഇത്തരക്കാർക്ക് കടുത്ത പിഴ ഈടാക്കുന്നതിനു പഞ്ചായത്ത് പരാജയമാണ്.
ഇവിടം എത്രയും പെട്ടെന്ന് മാലിന്യ നിർമ്മാർജ്ജനം ചെയ്ത് വൃത്തിയോട് കൂടി സംരക്ഷിച്ചിട്ടില്ലെങ്കിൽ ഇവിടം വിദൂര ഭാവിയിൽ ടൂറിസ്റ്റ് കേന്ദ്രം എന്ന ആകർഷണം ഇല്ലാതായി മാറാൻ സാധ്യത ഉണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കാൻ ജനങ്ങളും വേണ്ടപ്പെട്ട അധികാരികളും ഉണർന്നു പ്രവർത്തിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.