നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തി രണ്ട് ആട്ടിൻ കുട്ടികളും പത്തു കോഴികളുമായി തുടങ്ങിയ ഫാം ഇന്ന് മൂന്നേക്കറിൽ വ്യാപിച്ചു കിടക്കുന്ന ഒരു സമ്മിശ്ര ഫാം ആയി മാറിയിരിക്കുന്നു
കോട്ടയം മുട്ടിച്ചിറയിലുള്ള വിധു രാജീവ് ദമ്പതികളുടെ പറുദീസ ഫാം.18 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു കൃഷിയിലേക്കിറങ്ങിയ ഈ വീട്ടമ്മയെ തേടി വർഷങ്ങൾക്കിപ്പുറം ക്ഷീര വികസന വകുപ്പിന്റെ സമ്മിശ്ര കർഷക പുരസ്‌കാരം എത്തിയിരിക്കുന്നു.
പശു, ആട്, പോത്ത്, എരുമ,വിവിധ തരം കോഴികൾ, താറാവ്, മുയൽ, തേനീച്ച കൃഷി കൂടാതെ ജൈവ രീതിയിൽ പച്ചക്കറി കളും പഴവർഗ്ഗങ്ങളും കൃഷി ചെയ്യുന്നു.എല്ലാറ്റിലും നല്ല രീതിയിലുള്ള വരുമാനം ഉണ്ടാക്കാൻ ഈ വീട്ടമ്മയ്ക്ക് സാധിക്കുന്നു. മുതലാളി ഇല്ല എന്നതാണ് ഈ ഫാമിന്റെ വിജയം എന്നു വിധു പറയുന്നു. ഇവർ സ്വയം കഠിനാധ്വാനം ചെയ്യുന്നത് മൂലം തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുന്നു. പ്രവാസ ജീവിതത്തിൽ നിന്നു കിട്ടിയിരുന്നതിനേക്കാൾ വരുമാനം ഈ ഫാമിൽ നിന്നും ഇവർ ഉണ്ടാക്കുന്നു.
രണ്ട് ആടിൽ തുടങ്ങിയ ഫാമിൽ ഇന്ന് ബീറ്റിൽ, മലബാറി, ജമ്‌നാ പ്യാരി തുടങ്ങിയ ഇനത്തിൽ പെട്ട നിരവധി ആടുകൾ ഉണ്ട്. ആടുകളെ കൂട്ടിൽ തന്നെ ഇടാതെ അഴിച്ചിട്ടു വളർത്തുന്ന രീതിയാണിവിടെ. അത് കൊണ്ട് തന്നെ ഇവയ്ക്ക് പരിചരണവും കൂടാതെ അസുഖങ്ങളും കുറവാണു.ഇതിൽ നിന്നു നല്ലൊരു വരുമാനവും ഉണ്ടാക്കാൻ സാധിക്കുന്നു.
കൂടാതെ പശു , എരുമ, മുയൽ, കോഴി എന്നിവ എല്ലാം വളരെ ലാഭകരമായി നടത്തി കൊണ്ട് പോകാൻ ഇവർക്ക് സാധിക്കുന്നു.
പറുദീസ ഫാമിൽ ഏറ്റവും അധികം ലാഭം കിട്ടുന്നത് ചാണകത്തിൽ നിന്നുമാണ്. മെഷീനറികൾ ഉപയോഗിച്ച് ചാണകം ഉണക്കി പൊടിയാക്കി വിൽക്കുന്നു. ചാണക സ്ലറി, സുഡോ മോനസ് ചേർത്ത മിശ്രിതം എന്നിവയും വിൽക്കപ്പെടുന്നു.
ഒരു ഫാമിന്റെ വിജയത്തിന്റെ പ്രധാന ഘടകം ചിലവുകൾ ചുരുക്കുക എന്നത് തന്നെ യാണ്. പശുക്കൾ ക്കും എരുമകൾക്കും മറ്റും വേണ്ട പുല്ലുകൾ ഇവിടെ തന്നെ വച്ചു പിടിപ്പിച്ചിരിക്കുന്നു കൂടാതെ മറ്റു തീറ്റകളും ഒരു പരിധിവരെ ഈ ഫാമിൽ ലഭ്യമാണ്.ഇവയെല്ലാം കാശു കൊടുത്ത് വാങ്ങിക്കുക ആണെങ്കിൽ ലാഭകരമായി ഫാം നടത്തിക്കൊണ്ട് പോകാൻ സാധിക്കില്ല.
ഒരു ബിസിനസ് എന്നതിന് പുറമെ സ്വയം പര്യാപ്തത നേടുക എന്ന ഉദ്ദേശ്യവും ഇവർക്കുണ്ടായിരുന്നു. വീട്ടിലേക്കാവശ്യമായ ഒട്ടുമിക്ക സാധനങ്ങളും ഇന്നിവിടെ കൃഷി ചെയ്യുന്നു.നമ്മുടെ നാട്ടിൽ മായം കലരാത്തതും വിഷരഹിതവുമായ വസ്തുക്കൾ കിട്ടണമെങ്കിൽ അത് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കേണ്ടിയിരിക്കുന്നു. അത് മനസ്സിലാക്കിയാണ് മനുഷ്യർക്ക് ആവശ്യമുള്ള പച്ചക്കറികൾ,പാൽ,മുട്ട,ഇറച്ചി മീൻ, എന്നിവ ഈ ഫാമിൽ ഉൽപാദിപ്പിച്ചു തുടങ്ങിയത്.
തുടക്കത്തിൽ ഉണ്ടായ എതിർപ്പുകളിൽ തളരാതെ കഠിനാധ്വാനത്തിലൂടെ ഇവർ പടുത്തുയർത്തിയ ഫാം ഇന്ന് ഏതൊരാൾക്കും വലിയൊരു പ്രചോദനമായിരിക്കുന്നു