നമ്മുടെ ഇന്ത്യയിൽ ഓരോ വർഷവും നിരവധി സംരംഭങ്ങൾ
ആരംഭിക്കുന്നുണ്ട്. യുവ തലമുറയാണ് ഇതിനായി കൂടുതലും മുന്നോട്ട്
വരുന്നത്. എന്നാൽ ഈ മേഖലയിൽ വളരെ വ്യത്യസ്തമായ സംരംഭങ്ങൾ
തുലോം കുറവാണ്. അങ്ങനെ രണ്ടു യുവതികൾ ചേർന്നു തുടങ്ങിയ
വ്യത്യസ്തമായ ഒരു സംരംഭത്തിന്റെ കഥയാണ് ഈ ലേഖനത്തിൽ
വിവരിക്കുന്നത്.
2019-ൽ, ഐഐടി-ഡൽഹിയിലെ പൂർവ വിദ്യാർത്ഥികളും റൂംമേററ്‌സും
കൂടി ആയ നീതു യാദവും കീർത്തി ജംഗ്രയും ഇന്നുവരെ കാണാത്ത
വ്യത്യസ്തമായ ഒരു സംരംഭകത്വ യാത്രയ്ക്ക് തുടക്കം കുറിച്ചു- അനിമൽ,
കന്നുകാലികളുടെ ഓൺലൈൻ വിപണി. ഇന്ത്യയിലെ അസംഘടിതമായ
കന്നുകാലി വിപണിയെ അഭിസംബോധന ചെയ്യുക എന്നതായിരുന്നു
അവരുടെ ലക്ഷ്യം. അതിനായി അവർ സ്വീകരിച്ച വഴിയാണ്
കന്നുകാലികളെ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ഒരു പ്ലാറ്റ്ഫോം
തയ്യാറാക്കുക എന്നത്. ക്ഷീരകർഷകരെ ആണ് കൂടുതലായും അവരുടെ
സംരംഭം ലക്ഷ്യമിടുന്നത്. എരുമകളെയും പശുക്കളെയും ഓൺലൈനിൽ
വിൽക്കുന്നതിന്റെ സാധ്യതയെ പലരും തുടക്കത്തിൽ തന്നെ ചോദ്യം
ചെയ്യുകയും തുടർന്ന് പല വിധത്തിലുള്ള ആക്ഷേപങ്ങൾക്കും
കളിയാക്കലുകൾക്കും വിധേയമാവുകയും ചെയ്തു.
പ്രതിലിപിയിലെ മുൻ ജീവനക്കാരിയായിരുന്ന രാജസ്ഥാനിൽ നിന്നുള്ള നീതു
യാദവും , മുൻ നോമുറ ജീവനക്കാരിയായ ഹരിയാനയിൽ നിന്നുള്ള
കീർത്തി ജംഗ്രയും തങ്ങളുടെ ജോലി രാജിവെച്ചു കുടുംബത്തിലേക്ക്
മടങ്ങുന്നിടത്താണ് ഈ കഥയുടെ ആരംഭം. അവർ രണ്ടു പേരും സ്വന്തം
വീട്ടിൽ വെച് വീട്ടുകാരോട് ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം
വെളിപ്പെടുത്തി. യൂ എസിൽ എം ബി എ ചെയ്യുക, കോർപ്പറേറ്റ്
ജോലികൾ തുടരുക തുടങ്ങിയ തങ്ങളുടെ ലക്ഷ്യങ്ങൾ തങ്ങൾ
ഉപേക്ഷിക്കുകയാണെന്നും പകരം കന്നുകാലികൾക്കുള്ള ഓൺലൈൻ
മാർക്കറ്റ് തുടങ്ങുക, അതിലൂടെ കന്ന്കാലികളെ വിൽക്കുക എന്ന സംരംഭം
തുടങ്ങുകയാണെന്നും അവർ പ്രഖ്യാപിച്ചു. എന്നാൽ ഈ ആശയത്തെ
തെല്ലൊരു സംശയത്തോടെ ആയിരുന്നു എല്ലാവരും കണ്ടിരുന്നത്. പലരും
കളിയാക്കി, നിരുത്സാഹപ്പെടുത്തി. എന്നിരുന്നാലും, അവരുടെ ദൃഢനിശ്ചയം
ആനിമൽ സൃഷ്ടിക്കുന്നതിലേക്ക് അവരെ നയിച്ചു. അങ്ങനെ 2019
നവംബറിൽ അവർ ബെംഗളൂരുവിലെ ഒരു ചെറിയ വാടകമുറിയിൽ നിന്ന്
അനിമലിന്റെ പ്രവർത്തനം ആരംഭിച്ചു.
മുൻപേ പറഞ്ഞതു പോലെ പ്രാരംഭഘട്ടത്തിൽ ഇന്റർനെറ്റിലൂടെ
കന്നുകാലികളെ വിൽക്കുക എന്ന ആശയത്തിൽ കർഷകർ അവിശ്വാസം
പ്രകടിപ്പിക്കുകയും വിമുഖത കാട്ടുകയും ഉണ്ടായി.ഇത്തരം
സംശയങ്ങൾക്കിടയിലും, അനിമലിലൂടെ ആദ്യത്തെ വിൽപന നടന്നു. മൂന്ന്
മാസത്തിനുള്ളിൽ, നവൽപുരയിലെ ഒരു 16 വയസ്സുകാരൻ അനിമൽ
പ്ലാറ്റ്‌ഫോമിലൂടെ മൂന്ന് പശുക്കളെ വിജയകരമായി വിറ്റു. ഇത് നല്ല
രീതിയിൽ അവരുടെ സംരംഭത്തിന് ഗുണം ചെയ്തു. 2020 ജനുവരിയിൽ
നീതു യാദവിന്റെ പിതാവിന് ആപ്പിൽ ലിസ്‌റ്റ് ചെയ്‌ത തന്റെ
പോത്തുകളെ വിൽക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ലഭിച്ചു. ഇത്
ആനിമലിന്റെ ആദ്യ വിജയം അടയാളപ്പെടുത്തി.
പിന്നീട് അനിമലിന്റെ സംരംഭകരുടെ ഭാഗത്തു നിന്നും 50 ലക്ഷം രൂപ പ്രീ-
സീഡ് ഫണ്ടിംഗും നിക്ഷേപകരുടെ ഭാഗത്തു നിന്നും തുടർന്നുള്ള 5.75 കോടി
രൂപ സീഡ് ഫണ്ടിംഗുമായി ഈ സംരംഭത്തിൽ നിക്ഷേപം തുടർന്നു.
കാലക്രമേണ, ആനിമലിന്റെ ബിസിനസ്സ് സാമ്പത്തികമായി വികസിക്കാനും
ആരംഭിച്ചു. അടുത്ത വർഷം ഒക്ടോബറിൽ, സെക്വോയ, ഓമ്‌നിവോർ
തുടങ്ങിയ പ്രമുഖ നിക്ഷേപകർ ഈ സംരംഭത്തിലേക്ക് 44 കോടി രൂപ
നിക്ഷേപിച്ചു. ഏപ്രിലിൽ 102 കോടി രൂപയുടെ സുപ്രധാന ഫണ്ടിംഗ് റൗണ്ട്
നടന്നു. അപ്പോഴേക്കും, അനിമൽ അതിന്റെ പ്രവർത്തനങ്ങൾ പല
സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയും രണ്ട് വർഷത്തിനുള്ളിൽ 5
ലക്ഷത്തിലധികം കന്നുകാലികളെ വിറ്റ് 2,500 കോടി രൂപയുടെ വിറ്റുവരവ്
(ജിടിവി) നേടുകയും ചെയ്തു.
ഇന്ത്യയിലെ കന്നുകാലി വിപണിയിലെ കാലങ്ങളായുള്ള വെല്ലുവിളികളെ
അഭിമുഖീകരിക്കുന്നതിനുള്ള അതുല്യമായ സമീപനമാണ് ആനിമലിന്റെ
വിജയത്തിന് കാരണം. ഈ പ്ലാറ്റ്‌ഫോം ഒരു വിപണി വിടവ് നികത്തുക
മാത്രമല്ല, അതിന്റെ ഉടമകൾക്ക് ഈ ആശയത്തിലുണ്ടായിരുന്ന അഭിനിവേശം
പ്രകടിപ്പിക്കുകയും ചെയ്യുന്നു.സ്ത്രീകൾ കടന്നു ചെല്ലാൻ സാധ്യത ഇല്ലാത്ത
ഇത്തരം ഒരു മേഖലയിൽ മികച്ച ചുവടു വെപ്പാണ് ഇരുവരും നടത്തിയത്.
അവർ രണ്ടുപേരും കന്നുകാലി വളർത്തലിനോട് വ്യക്തിപരമായി
ബന്ധപ്പെട്ടു കിടക്കുന്നവരായിരുന്നു. അതിനാൽ തുടക്കം മുതൽ
വ്യക്തമായൊരു വീക്ഷണം ഈ സംരംഭത്തിൽ അവർക്കുണ്ടായിരുന്നു. അത്
ഈ മേഖലയെ കൂടുതൽ ഉൽപ്പാദനക്ഷമവും ലാഭകരവുമാക്കി. മാത്രമല്ല
ലക്ഷക്കണക്കിന് ക്ഷീരകർഷകരുടെ ജീവിതത്തിൽ നല്ല മാറ്റം കൊണ്ടുവരാൻ
അനിമലിലൂടെ അതിന്റെ സ്ഥാപകർക്കായി.
കന്നുകാലികളെ ഇൻഷുറൻസ് ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ
അഭാവം, പരിമിതമായ ധനസഹായ ഓപ്ഷനുകൾ, മൃഗഡോക്ടർമാരുടെ
ദൗർലഭ്യം, പാലുൽപ്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ രീതികളെപറ്റിയുള്ള അറിവില്ലായ്മ എന്നിവയുൾപ്പെടെ വിവിധ തടസ്സങ്ങൾ ഈ
സ്റ്റാർട്ടപ്പ്നേരിട്ടു. എന്നിരുന്നാലും ഇന്ത്യയിലെ ക്ഷീര കൃഷിയുടെ
ഉൽപാദനക്ഷമതയും ലാഭവും വർദ്ധിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തെ
സാക്ഷാത്കരിക്കാൻ അവർ ഇപ്പോഴും പരിശ്രമിക്കുന്നു.
അനിമൽ വളർന്നു കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ കർഷകർ
അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ആഴത്തിൽ മനസ്സിലാക്കേണ്ടത് വളരെ
ഗൗരവത്തോടെ കാണേണ്ട ഒന്നാണെന്ന് സംരംഭ സ്ഥാപകർ ഊന്നിപ്പറയുന്നു.
ഇന്ത്യയിലെ കന്നുകാലി പരിപാലനത്തിനുള്ള വിവരങ്ങളും പരിഹാരങ്ങളും
വാഗ്ദാനം ചെയ്യുന്ന ഒരു ശ്രംഖല ആയി മാറുക എന്നതാണ് അവർ ഉന്നം
വെക്കുന്നത്. അതിലൂടെ ആത്യന്തികമായി കന്നുകാലി വ്യവസായത്തെ
പരിവർത്തനം ചെയ്യുക എന്നതാണ് അവർ വിഭാവനം ചെയ്യുന്നത്.